കൊല്ലം: കോവിഡ്- 19 ഗൾഫ് മേഖലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാക്ക്, കുവൈറ്റ്, ബഹറിൻ, യു.എ.ഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും തിരികെയെത്തുന്നവർ ഗൃഹ നിരീക്ഷണത്തിൽ തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.വി. ഷേർളി അറിയിച്ചു. ഇതര രോഗബാധിത രാജ്യങ്ങളിൽ നിന്നുള്ളവർ പൊതുജന സമ്പർക്കം പരമാവധി ഒഴിവാക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ പ്രോട്ടോക്കോൾ അനുസരിച്ച് സാമ്പിൾ പരിശോധനയ്ക്ക് വിധേയമാകണം. പൊതുജനങ്ങൾ ഏറ്റവും മുൻഗണന നൽകേണ്ടത് പ്രാഥമിക ശുചിത്വ ശീലങ്ങൾക്കാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മുഖവും മറയ്ക്കണം. കൈ കഴുകുന്നത് ശീലമാക്കണം.
പൊതുപരിപാടികളും യോഗങ്ങളും വിരുന്നു സൽക്കാരങ്ങളും കഴിവതും ഒഴിവാക്കണമെന്നുള്ള നിർദ്ദേശമനുസരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെങ്ങും വ്യാപകമായ പരിശോധനയും ബോധവല്ക്കരണവും നടത്തും. ഉത്സവാഘോഷങ്ങൾ നടത്തുന്നയിടങ്ങളിൽ ആരോഗ്യ സന്ദേശങ്ങൾ പതിച്ച തൊപ്പികൾ, വിശറികൾ എന്നിവ നൽകും. പ്രാഥമികാരോഗ്യ സ്ഥാപനങ്ങൾ വഴി ലഘു നോട്ടീസുകൾ വിതരണം ചെയ്യും. കലാപരിപാടികളും എൽ.ഇ.ഡി വാൾ ഡിസ്പ്ലേ ഉപയോഗിച്ച് വാഹന പ്രചരണ ബോധവത്കരണവും നടത്തും. വിവാഹ ചടങ്ങുകൾ, രോഗീ സന്ദർശനങ്ങൾ, പൊതു ആരാധനകൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിൽ സ്വമേധയാ നിയന്ത്രണം പാലിക്കുന്നത് അഭികാമ്യമാണ്.
എന്റെ ആരോഗ്യം, സമൂഹത്തിന്റെ ആരോഗ്യം എന്നത് തന്റെ കൂടി ഉത്തരവാദിത്തമാണെന്ന് ഓരോ വ്യക്തിയും ഏറ്റെടുക്കണം. യാത്രകളിലും ജോലി സ്ഥലങ്ങളിലും കൈ കഴുകുന്നതിന് വെള്ളം ലഭ്യമല്ലാത്തപ്പോൾ ഉപയോഗിക്കുന്നതിനായി സാനിറ്റൈസറുകൾ കരുതുന്നത് അഭികാമ്യമാണ്. ആലിംഗനം, ഹസ്തദാനം എന്നിവ ഒഴിവാക്കി നമസ്തേ പോലുള്ള ഉപചാരരീതികൾ സ്വീകരിക്കണം
ഡോ.വി.വി. ഷേർളി, ജില്ലാ മെഡിക്കൽ ഓഫീസർ
ഗൃഹനീരീക്ഷണത്തിൽ: 49 പേർ
ഐ.പിയിൽ ഉള്ളത്: 3പേർ
സാമ്പിളുകൾ അയച്ചത്: 70
വന്ന റിസൽട്ടുകൾ നെഗറ്റീവ്
ഫലം ലഭിക്കാനുള്ളത്: 10 സാമ്പിളുകൾ