vijayan-pillai

കൊല്ലം: ചവറയിൽനിന്ന്‌ ആർ.എസ്.പിക്കാരനല്ലാത്ത ആദ്യ പ്രതിനിധിയായി നിയമസഭയിലെത്തിയ എൻ. വിജയൻപിള്ള (69) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ചവറ മടപ്പള്ളിയിലെ വീട്ടുവളപ്പിൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.എം.പി അരവിന്ദാക്ഷൻ വിഭാഗത്തിന് എൽ.ഡി.എഫ് നൽകിയ ചവറ സീറ്റിൽ മുൻ മന്ത്രി ഷിബു ബേബിജോണിനെ അട്ടിമറിച്ചാണ് നിയമസഭയിലെത്തിയത്. സി.എം.പി അരവിന്ദാക്ഷൻ വിഭാഗം സി.പി.എമ്മിൽ ലയിച്ചപ്പോൾ അദ്ദേഹം സി.പി.എമ്മിന്റെ ഭാഗമായി.

ബേബിജോണുമായുള്ള ആത്മബന്ധത്തിൽ ആർ.എസ്.പിയിലൂടെയാണ് വിജയൻപിള്ളയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1979ൽ 28-ാം വയസിൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് ചവറ പഞ്ചായത്ത് അംഗമായി. 2000 വരെ തുടർച്ചയായി 21 വർഷം പഞ്ചായത്ത് അംഗമായി തുടർന്നു. ആർ.എസ്.പി ചവറ മണ്ഡലം സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന അദ്ദേഹം 1998ൽ പാർട്ടിയിലെ അഭിപ്രായ ഭിന്നതകളെ തുടർന്ന് കോൺഗ്രസിലെത്തി. 2000ൽ തേവലക്കര ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്ത് അംഗമായി.

ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസി‌ഡന്റും ഡി.സി.സി നിർവാഹക സമിതി അംഗവുമായിരിക്കെ കെ. കരുണാകരനൊപ്പം ഡി.ഐ.സിയിലെത്തിയ വിജയൻപിള്ള ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു.

കരുണാകരനൊപ്പം കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും മദ്യനയവിഷയത്തിൽ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരനുമായുണ്ടായ ഭിന്നതയ്‌ക്കൊടുവിലാണ് കോൺഗ്രസ് വിട്ടത്. ശേഷം സി.എം.പിയിൽ ചേർന്നു.

കരുനാഗപ്പള്ളി പന്നിശേരിൽ കുടുംബാംഗം സുമാദേവിയാണ് ഭാര്യ. മക്കൾ: ഡോ.വി. സുജിത്, അഡ്വ. ശ്രീജിത് വിജയൻ, ശ്രീലക്ഷ്‌മി. മരുമക്കൾ: ഡോ. പാർവതി, ജയകൃഷ്‌ണൻ.