ചവറ നിയമസഭാമണ്ഡലം രൂപീകൃതമായതു മുതൽ ആർ.എസ്.പിയുടെ അശ്വമേധമായിരുന്നു. ബേബിജോണിൽ തുടങ്ങി ആർ.എസ്.പിയുടേതല്ലാത്ത ഒരു സ്ഥാനാർത്ഥിയും 2016 വരെ ഒരു തിരഞ്ഞെടുപ്പിലും അവിടെ വിജയിച്ചിട്ടില്ല. പക്ഷേ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയൻപിള്ള ചവറയുടെ ചരിത്രം തിരുത്തിയെഴുതി. ആർ.എസ്.പിയുടെ തിരഞ്ഞെടുപ്പു ചിഹ്നമായ മൺവെട്ടിയും മൺകോരിയും അടയാളത്തിൽ മത്സരിച്ച മുൻ മന്ത്രിയും ബേബി ജോണിന്റെ മകനുമായ ഷിബു ബേബിജോണിനെ മുട്ടുകുത്തിച്ചാണ് സി.എം.പി സ്ഥാനാർത്ഥിയായി ടെലിഫോൺ അടയാളത്തിൽ മത്സരിച്ച വിജയൻപിള്ള ചവറയിൽ നിന്നുള്ള ആദ്യ ആർ.എസ്.പി ഇതര നിയമസഭാംഗമായത്.
1977 ലാണ് ചവറ നിയസഭാമണ്ഡലം രൂപീകരിക്കപ്പെട്ടത്. ബേബിജോൺ ആദ്യ വിജയി. 2001, 2006, 2011 തിരഞ്ഞെടുപ്പുകളിൽ ആർ.എസ്.പികൾ പരസ്പരം മത്സരിച്ചപ്പോഴും മറ്റൊരു പാർട്ടിക്ക് അവിടെ വെന്നിക്കൊടി പാറിക്കാനായില്ല. ആർ.എസ്.പി (ബി) ഔദ്യോഗിക ആർ.എസ്.പിയിൽ ലയിച്ച് കൂടുതൽ കരുത്തോടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷെ വിജയൻപിള്ളയുടെ ജനകീയതയ്ക്കു മുന്നിൽ ആർ.എസ്.പി മുട്ടുകുത്തി. 2011 തിരഞ്ഞെടുപ്പിൽ 6061 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഷിബു ബേബിജോൺ 2016ൽ 6289 വോട്ടിന് വിജയൻപിള്ളയോട് അടിയറവ് പറഞ്ഞു. ചവറയിലെ തങ്ങളുടെ ആദ്യ പരാജയം ആർ.എസ്.പിക്കും വിജയം എൽ.ഡി.എഫിനും വിശ്വസിക്കാനായിരുന്നില്ല. രാഷ്ട്രീയത്തിനപ്പുറം തങ്ങളുടെ വിജയണ്ണന് ചവറക്കാർ നൽകിയ സ്നേഹസമ്മാനമായിരുന്നു ആ വിജയം.
അതിനാടകീയമായാണ് വിജയൻപിള്ള ചവറയിൽ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായത്. ആർ.എസ്.പി മുന്നണി വിട്ടതോടെ, ഒഴിവു വന്ന സീറ്റുകളെല്ലാം എൽ.ഡി.എഫ് പങ്കിട്ടെടുത്ത് സ്ഥാനാർത്ഥികളെ തീരുമാനിച്ചു. ചവറ സീറ്റ് മാത്രം ഒഴിച്ചിട്ടു. തിരഞ്ഞെടുപ്പിനു മുമ്പ് പിണറായി വിജയൻ നയിച്ച കേരളരക്ഷാ മാർച്ചിന്റെ ചവറയിലെ സ്വീകരണ വേദിയിൽ വിജയൻപിള്ള എത്തിയിരുന്നു. അപ്പോൾ മുതൽ വിജയൻപിള്ള ചവറയിൽ സി.പി.എം സ്ഥാനാർത്ഥികുമെന്ന് അഭ്യൂഹം പരന്നു. വിജയിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്തതിനാൽ ചവറ സീറ്റിനായി കാര്യമായി പിടിവലിയും എൽ.ഡി.എഫിൽ ഉണ്ടായില്ല. വിജയൻപിള്ളയെ സ്ഥാനാർത്ഥിയായി ചവറയിലെ എൽ.ഡി.എഫ് പ്രവർത്തകർ മനസിൽ അംഗീകരിക്കുകയും ചെയ്തു. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് സി.എം.പി അരവിന്ദാക്ഷൻ വിഭാഗത്തിന് ചവറ സീറ്റ് വിട്ടുനൽകാൻ തീരുമാനിച്ചതായി എൽ.ഡി.എഫ് നേതൃത്വം പ്രഖ്യാപിച്ചു.
തൊട്ടടുത്ത ദിവസം കൊല്ലത്ത് ചേർന്ന സി.എം.പി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന കമ്മിറ്റി യോഗം വിജയൻപിള്ളയെ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ യോഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് കോൺഗ്രസുമായി അകൽച്ചയിലായിരുന്ന വിജയൻപിള്ള കൊല്ലത്തെ പാർട്ടി ഓഫീസിലെത്തി സി.എം.പിയിൽ അംഗമായത്.
ചവറ നിയമസഭാ മണ്ഡലം
2016
ചവറ എൻ. വിജയൻപിള്ള: 64666 വോട്ട്
ഷിബു ബേബിജോൺ: 58477 വോട്ട്
ഭൂരിപക്ഷം: 6289 വോട്ട്
2011
ഷിബു ബേബിജോൺ: 65002 വോട്ട്
എൻ.കെ. പ്രേമചന്ദ്രൻ 58941 വോട്ട്
ഭൂരിപക്ഷം 6061 വോട്ട്