കൊല്ലത്തുകാർക്ക് ഒരു വിജയണ്ണനേ ഉണ്ടായിരുന്നുള്ളൂ. എം.എൽ.എ എൻ. വിജയൻപിള്ളയുടെ വിയോഗത്തോടെ നഷ്ടമായത് ആ അണ്ണനെയാണ്. വിജയൻപിള്ളയെ വിജയണ്ണൻ എന്ന് സ്വാതന്ത്ര്യത്തോടെ വിളക്കാവുന്നത്ര അടുപ്പമുള്ള ഒരുപാട് സുഹൃത്തുക്കൾ അദ്ദേഹത്തിന് കേരളത്തിലെവിടെയുമുണ്ടായിരുന്നു. രാഷ്ട്രീയക്കാരനെങ്കിലും ആരോടും രാഷ്ട്രീയം പറയാത്ത ഒരാൾ.
രാഷ്ട്രീയം നോക്കി ഒരാളെയും വിജയണ്ണൻ മാറ്റിനിറുത്തിയില്ല. ആർക്കും എപ്പോൾ വേണമെങ്കിലും വീട്ടിലേക്കു കയറിച്ചെന്ന് വിജയണ്ണൻ എം.എൽ.എയെ കാണാം, സഹായം ചോദിക്കാം. തിരഞ്ഞെടുപ്പു കാലത്ത് വോട്ടു ചോദിക്കാൻ എത്തുമ്പോഴല്ല, ഏതു കൊച്ചുകുട്ടിയെ കണ്ടാലും വാരിപ്പുണർന്ന് കുശലാന്വേഷണവുമായി കൂടുമായിരുന്നു, നാട്ടുകാരുടെ സ്വന്തം വിജയണ്ണൻ.
നാടറിയുന്ന വലിയൊരു മെമ്പറായിരുന്നു വിജയൻപിള്ളയുടെ അച്ഛൻ. വിളിപ്പേരും അങ്ങനെ തന്നെ- മെമ്പർ നാരായണപിള്ള. ചവറ മടപ്പള്ളി ഗ്രാമം ഈ കുടുബത്തോട് അത്ര കടപ്പെട്ടിട്ടുണ്ട്. പതിനഞ്ചുവർഷം പഞ്ചായത്ത് അംഗമായിരുന്ന വിജയൻ പിള്ളയ്ക്ക് ശരിക്കും ചേരുന്ന പേര് ഗ്രാമത്തലവൻ എന്നായിരിക്കും! ജില്ലാ പഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമൊക്കെയായിരുന്ന അദ്ദേഹം ഒട്ടനവധി സംഘടനകളുടെ ഭാരവാഹിയുമായിരുന്നു.
ശാസ്താംകോട്ടയിലെ വിജയാ കാസിൽ ഹോട്ടലും ഓഡിറ്റോറിയവും ചവറയിലെ എം.ബി.എ കോളേജുമടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമ കൂടിയായ വിജയൻപിള്ള ഒരിക്കലും ജനഹിതത്തിന് എതിരു നിന്നിട്ടില്ല. വിജയൻപിള്ളയുടെ എതിർപക്ഷത്ത് മത്സരിച്ചവർ പോലും ആദരവോടെ, വിജയണ്ണൻ എന്നേ വിളിച്ചുള്ളൂ. രാഷ്ട്രീയം നോക്കാതെ ആരെയും സഹായിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത വിജയണ്ണൻ എന്ന വിളിപ്പേരിനെ കൂടുതൽ ജീവസുറ്റതാക്കി.
കേരളത്തിൽ എവിടെ, എന്തു വിശേഷത്തിനു ക്ഷണിച്ചാലും വിജയൻപിള്ള എത്തിയിരിക്കും! എന്തെങ്കിലും കാരണംകൊണ്ട് കൃത്യദിവസം എത്താൻ കഴിഞ്ഞില്ലെങ്കിൽ, ആ ആഴ്ചയിലെ ഏതെങ്കിലും നേരത്ത് പിള്ള അവിടെയെത്തും. തുറന്ന മനസും കാപട്യമില്ലാത്ത പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട ജ്യേഷ്ഠനായിത്തീർന്ന മനുഷ്യനാണ് ഓർമ്മയിലേക്കു യാത്രയായത്.