ടാറിംഗിന് 97 ലക്ഷം രൂപ അനുവദിച്ചു
ടെണ്ടർ കാലാവധി 15 ദിവസം മാത്രം
കൊല്ലം: മുണ്ടയ്ക്കൽ പാലം മുതൽ ഇരവിപുരം പാലം വരെയുള്ള തീരദേശ റോഡിലെ പൊടിശല്യത്തിന് വൈകാതെ അറുതിയാകും. റോഡ് ടാറിംഗിനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു. ഈ മാസം അവസാനത്തോടെ ടാറിംഗ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ടാറിംഗ് വൈകുന്നത് മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
രണ്ട് വർഷം മുമ്പ് മുണ്ടയ്ക്കൽ പാലം - ഇരവിപുരം പാലം റോഡ് ടാർ ചെയ്യാൻ 81 ലക്ഷം രൂപ അനുവദിച്ചിരുന്നു. നിർമ്മാണത്തിനുള്ള നടപടികൾ തുടങ്ങിയപ്പോഴേക്കും രൂക്ഷമായ കടലാക്രമണത്തിൽ റോഡ് പലയിടങ്ങളിലും ഇടിഞ്ഞുതാണു. ഇതോടെ ഈ റീ ടാറിംഗ് പദ്ധതി ഉപേക്ഷിച്ചു. പിന്നീട് അനുവദിച്ച രണ്ടേകാൽ കോടി ഉപയോഗിച്ചാണ് മെറ്റൽ പാകി റോഡ് ബലപ്പെടുത്തിയത്. അതിൽ ടാറിംഗ് ഉൾപ്പെട്ടിരുന്നില്ല. ഇപ്പോൾ പ്രത്യേക പദ്ധതി തയ്യാറാക്കിയാണ് ടാറിംഗിനായി 97 ലക്ഷം രൂപ അനുവദിച്ചത്. വേഗത്തിൽ പൂർത്തിയാക്കേണ്ട പ്രവൃത്തിയായതിനാൽ 15 ദിവസം മാത്രമാണ് ടെണ്ടർ കാലാവധിയെന്ന് നിർവഹണ ഏജൻസിയായ ഹാർബർ എൻജിനിയറിംഗ് വകുപ്പ് അധികൃതർ പറഞ്ഞു.
പൊടി ശ്വസിക്കാൻ വിധിക്കപ്പെട്ട ദിവസങ്ങൾ
നിറയെ കുണ്ടും കുഴിക്കുമൊപ്പം പലയിടങ്ങളും പകുതിയോളം ഇടിഞ്ഞുതാണ് സഞ്ചരിക്കാനാകാത്ത അവസ്ഥയിലായിരുന്നു മുമ്പ് തീരദേശ റോഡ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒന്നരമാസം മുമ്പ് തീരദേശ റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ചെങ്കിലും മെറ്റലും പാറപ്പൊടിയും പാകിയതോടെ പണി നിശ്ചലമായി. വേനൽ കടുത്തതോടെ റോഡിലെ പാറപ്പൊടിയിളകി പ്രദേശവാസികൾക്ക് ശ്വാസമെടുക്കാൻ പോലും കഴിയാത്ത സ്ഥിയായി. മെറ്റലും പാറപ്പൊടിയും പാകിയതിന് പിന്നാലെ ടാറിംഗ് ആരംഭിക്കാഞ്ഞതാണ് പ്രശ്നം സൃഷ്ടിച്ചത്. വീട്ടിൽ ശേഖരിക്കുന്ന കുടിവെള്ളം തളിച്ചാണ് റോഡ് വക്കിൽ താമസിച്ചിരുന്നവർ പൊടിയെ നേരിട്ട് കൊണ്ടിരിക്കുന്നത്.
റോഡിന്റെ നീളം: 2.1 കി. മീറ്റർ