a
എഴുകോണിൽ റെയ്ൽവേ ട്രാക്കിൽ എടുത്ത് വച്ചിരുന്ന തടികഷ്ണം പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

എഴുകോൺ: കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ പാളത്തിന് മുകളിൽ തടി കയറ്റിവച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. കൊല്ലം എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപം കല്ലുമ്പുറത്ത് ഞായറാഴ്ച്ച പുലർച്ചെ 3.50നാണ് സംഭവം. പുനലൂരിൽ നിന്നെത്തിയ തിരുനെൽവേലി-പാലക്കാട് പാലരുവി എക്‌സ്‌പ്രസ് എഴുകോൺ സ്റ്റേഷനിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ആരംഭിച്ച് 200 മീറ്റർ പിന്നിട്ടപ്പോഴാണ് ലോക്കോ പൈലറ്റ് ട്രാക്കിൽ തടിക്കഷ്ണം കണ്ടത്. തുടർന്ന് ട്രെയിൻ വേഗത കുറച്ച് ഓടിച്ച് തടി പാളത്തിൽ നിന്ന് തള്ളിമാറ്റുകയായിരുന്നു. എൻജിന് മുന്നിൽ കുടുങ്ങിയ തടിയുമായി ട്രെയിൻ 100 മീറ്ററോളം ഓടി. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.

തുടർന്ന് ലോക്കോ പൈലറ്റ് കുണ്ടറ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പാളത്തിന് സമീപത്തുള്ള ഭൂമിയിൽ നിന്ന് മുറിച്ചുമാറ്റിയ 9.5 അടി നീളവും 30 ഇഞ്ച് വണ്ണവുമുള്ള അക്കേഷ്യ മരത്തിന്റെ ഉണങ്ങിയ തടിയാണ് ട്രാക്കിൽ കയറ്റി വച്ചിരുന്നത്. രാത്രി ട്രാക്കിന് സമീപത്തിരുന്ന് മദ്യപിച്ചവരാകാം സംഭവത്തിന് പിന്നിലെന്നാണ് സംശയം. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ്, കേരള റെയിൽവേ പൊലീസ് എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

ട്രാക്കിന് സമീപം മുറിച്ചിട്ട തടികൾ നിരവധി

കൊല്ലം -ചെങ്കോട്ട റെയിൽവേ പാതയിൽ പാളത്തിന് ഇരുവശത്തും അപകടകരമായി നിന്ന നിരവധി മരങ്ങൾ വർഷങ്ങൾക്ക് മുമ്പ് മുറിച്ച് മാറ്റിയിരുന്നു. എന്നാൽ അവയെല്ലാം ട്രാക്കിന് ഇരുവശങ്ങളിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. റെയിൽവേ ഇന്റലിജൻസ് സംഘം നിരവധി തവണ ഉന്നത അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുനെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇനിയും അലംഭാവം വെടിഞ്ഞില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കും.