vellapally

കൊട്ടാരക്കര: ആർ.ശങ്കറിന്റെ ചോരയ്ക്ക് ദാഹിച്ച രക്തരക്ഷസുകൾ ഇപ്പോഴും മറ്റൊരു രൂപത്തിൽ സമുദായത്തിനുള്ളിലുണ്ടെന്നും, സംഘടനാ ശക്തി തളർത്താനാണ് അവരുടെ ശ്രമമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊട്ടാരക്കര യൂണിയന്റെ പ്ലാറ്റിനം ജൂബിലി മന്ദിരം നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

സംഘടനയ്ക്കും സമുദായത്തിനും വേണ്ടി ഒന്നും ചെയ്യാത്തവർ അവയെ തകർക്കാൻ മുന്നിട്ടിറങ്ങിയത് തിരിച്ചറിയണം. മൈക്രോ ഫിനാൻസ് പദ്ധതി വഴി രണ്ടായിരം കോടി രൂപ ഞാൻ തട്ടിയെടുത്തെന്നാണ് ആദ്യം ആരോപിച്ചത്. അത് കള്ളമാണെന്ന് ഓരോ യൂണിയൻ, ശാഖാ പ്രവർത്തകർക്കും അറിയാം തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം. ശരിയെന്ന് ബോദ്ധ്യപ്പെടുന്നത് പറയേണ്ട വേദികളിലാണ് പറയേണ്ടത്.സംഘടനയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ തകർക്കാനുള്ള ഒത്തൊരുമ ഉണ്ടാകണം.

ആർ.ശങ്കറെ ഉന്മൂലനം ചെയ്യുന്നതിന്റെ മുന്നോടിയായി ,യുവജനങ്ങൾക്ക് അവസരം കൊടുക്കണമെന്ന ആവശ്യവുമായെത്തിയ അന്നത്തെ യൂത്തന്മാർ ഇപ്പോഴും വടിയും കുത്തി അധികാരക്കസേരയ്ക്ക് മത്സരിക്കുകയാണ്. ആർ. ശങ്കർ ഇല്ലായിരുന്നെങ്കിൽ ഈഴവ സമുദായത്തിന്റെ സ്ഥിതി എന്താകുമായിരുന്നു?ശങ്കർ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന വേളയിൽ ലഭിച്ച 13 കോളേജിന് ശേഷം കാലമിത്ര പിന്നിട്ടിട്ടും മൂന്ന് കോളേജുകൾ മാത്രമേ സമുദായത്തിന് കിട്ടിയുള്ളൂ. വോട്ടു കൊടുക്കുന്ന യന്ത്രങ്ങളായി സമുദായം മാറി. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക നീതി ലഭിച്ചേ തീരൂ. പട്ടിണി പങ്കിട്ട് തരുകയും സമ്പത്ത് മറ്റുള്ളവർക്ക് വിളമ്പിക്കൊടുക്കുകയും ചെയ്യുന്ന നീതികേട് ഇനി പറ്റില്ല- വെള്ളാപ്പള്ളി പറഞ്ഞു. കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു.