കൊല്ലം: ചവറയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ അവരുടെ വിജയണ്ണൻ ജനങ്ങൾക്കിടയിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തെ സ്നേഹിക്കുന്നവരെല്ലാം. പക്ഷേ, ഇന്നലെ നേരം പലരും മുമ്പേ അദ്ദേഹത്തിന്റെ മരണവാർത്ത ചവറ അറിഞ്ഞു. പിന്നീട് അദ്ദേഹത്തിനായുള്ള അവരുടെ അവസാന കാത്തിരിപ്പായിരുന്നു. ആളുകൂടുന്നിടങ്ങളിലെല്ലാം പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പതിപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. പൊതുദർശനത്തിനായി ചവറയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് സജ്ജമാക്കി. കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് പതിനൊന്നോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം കരുനാഗപ്പള്ളിയിൽ എത്തിക്കുമെന്നറിഞ്ഞതോടെ പാർട്ടി പ്രവർത്തകർ കിട്ടുന്ന വാഹനങ്ങളിൽ അവിടേക്ക് തിരിച്ചു.
വെയിലിന്റെ ചൂടേറുന്നത് കാര്യമാക്കാതെ പാർട്ടി ഓഫീസിലേക്ക് ജനങ്ങളും പ്രവർത്തകരും എത്തിക്കൊണ്ടേയിരുന്നു. വിജയൻപിള്ളയുടെ ഭൗതികദേഹവുമായി ആംബുലൻസ് പന്ത്രണ്ടോടെ കരുനാഗപ്പള്ളിയിലെത്തി. അവിടെ നിന്ന് നൂറുകണക്കിന് വാഹനങ്ങൾക്കൊപ്പമായിരുന്നു ചവറയിലേക്കുള്ള അവസാനയാത്ര. ഒന്നരയോടെ ഏരിയാ കമ്മിറ്റി ഓഫീസിലെത്തിച്ച മൃതദേഹത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, കെ. സോമപ്രസാദ് എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ. ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം ബി. രാഘവൻ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനിടെ അന്തിമ ഉപചാരവുമായി നൂറുകണക്കിനാളുകളെത്തി.
മണ്ഡലത്തിന്റെ പ്രവർത്തനങ്ങളാകെ ഏകോപിപ്പിച്ച എം.എൽ.എ ഓഫീസിലേക്ക് 2.20ന് അവസാന യാത്ര പുറപ്പെട്ടു. വിലാപ യാത്ര കടന്നുപോകുന്ന വഴികൾക്കിരുവശവും അവരുടെ പ്രിയ നേതാവിനായി പൊള്ളുന്ന ചൂടിനെ അവഗണിച്ച് ജനങ്ങൾ കാത്തുനിന്നു. എം.എൽ.എ ഓഫീസിന്റെ മുറ്റത്ത് സങ്കടങ്ങൾ ഉള്ളിലൊതുക്കി അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ അവസാന അഭിവാദ്യങ്ങൾ നൽകി. രണ്ട് പതിറ്റാണ്ടിലേറെ പഞ്ചായത്തംഗമായി പ്രവർത്തിച്ച ചവറ പഞ്ചായത്ത് ഓഫീസിലായിരുന്നു അടുത്ത പൊതുദർശനം. വഴിയോരങ്ങളിൽ മാത്രമല്ല, ഓഫീസ് വളപ്പിലും ജനങ്ങൾ തിങ്ങിനിറഞ്ഞു.
അവിടെ നിന്ന് നേരെ ചവറ മടപ്പള്ളിയിലെ വിജയശ്രീയിലേക്ക്. വിശാലമായ മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ വലിയ പന്തലിൽ പൊതുദർശനത്തിനായി ഭൗതികശരീരം എത്തിച്ചപ്പോൾ നാടൊന്നാകെ അവിടെയുണ്ടായിരുന്നു. അവസാനമായി കണ്ടിട്ടും പിരിഞ്ഞുപോകാതെ അവർ വിജയശ്രീയിൽ തന്നെ നിലയുറപ്പിച്ചു. രാത്രി വൈകിയും ചവറയുടെ ഗ്രാമവഴികൾ അവിടേക്ക് ഒഴുകുകയാണ്. രോഗബാധിതനായി ആശുപത്രിയിലേക്ക് പോകും വരെ ഏത് പാതിരാവിലും ഓടിയെത്തി ആശ്രയിക്കാവുന്ന ഒരു തണൽ മരം അവർക്ക് അവിടെ ഉണ്ടായിരുന്നു...