കൊല്ലം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ) വനിതാ വിഭാഗം 'നിവേദിത', നാഷണൽ ഹെൽത്ത് മിഷൻ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ കൊല്ലം എൻ.എച്ച്.എം ഹാളിൽ വനിതാ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സബ് ജഡ്ജ് സുബിത ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
നിവേദിത പ്രസിഡന്റ് ഡോ. നമിത നസീർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. അജയ് കുമാർ, സൗത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. കിരൺ, ജില്ലാ സെക്രട്ടറി ഡോ. ക്ലെനിൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരി, വനിതാവിംഗ് സംസ്ഥാന ചെയർപേഴ്സൺ ഡോ. റീന എന്നിവർ സംസാരിച്ചു. ഡോ. പ്രീതി അഹദ് സ്വാഗതവും ഡോ. അഞ്ജു ജയകുമാർ നന്ദിയും പറഞ്ഞു.
അഡ്വ. ദേവിക 'സ്ത്രീ ശാക്തീകരണം' എന്ന വിഷയത്തിലും ഡോ. റീന 'സ്ത്രീകളിലെ പ്രജനന ആരോഗ്യപ്രശ്നങ്ങളും ചികിത്സയും' എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു. തുടർന്ന് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികളുടെ സ്കിറ്റും നടന്നു.