v
എൻ.വിജയൻപിള്ള ബേബിജോണിനൊപ്പം

കൊല്ലം:കരിമണലിന്റെ രാഷ്ട്രീയത്തിനൊപ്പം നടക്കാൻ വിജയൻപിള്ളയ്‌ക്കാകുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് ചവറയുടെ അതികായൻ ബേബിജോൺ ആയിരുന്നു. അച്ഛൻ മെമ്പർ നാരായണപിള്ളയുടെ ജനകീയ വഴിയേ മകനും നടക്കുമെന്നുറപ്പിച്ച് ആർ.എസ്.പിയ്ക്കൊപ്പം വിജയൻപിള്ളയെ ബേബിജോൺ ചേർത്ത് നിറുത്തി. അരിവാൾ ചുറ്റിക ആലേഖനം ചെയ്‌ത രക്തപതാകയുമായി ജനങ്ങൾക്കിടയിലേക്കിറങ്ങിയ വിജയൻപിള്ള ആർ.എസ്.പിയുടെ ബ്രാഞ്ച് കമ്മിറ്റിയിൽ നിന്ന് ചവറ മണ്ഡലം സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായി.

ചവറയിലെ കരിമണലിൽ ചവിട്ടിനിന്ന് കേരള രാഷ്ട്രീയത്തെയാകെ നിയന്ത്രിക്കാൻ ആർ.എസ്.പിക്ക് ശേഷി ഉണ്ടായിരുന്ന കാലത്ത് ചവറയിലെ പാർട്ടിയെ വിജയൻപിള്ള മുന്നിൽ നിന്ന് നയിച്ചു. 28-ാം വയസിൽ ആദ്യ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട് ചവറ പഞ്ചായത്തംഗമായി. പിന്നീടിങ്ങോട്ട് 2000 വരെ രണ്ട് പതിറ്റാണ്ടിലേറെ കാലം ചവറയിലെ മടപ്പള്ളി, തോട്ടിന് വടക്ക് വാർഡുകളെ അദ്ദേഹം പ്രതിനിധീകരിച്ചു. ചവറയുടെ മാറിമറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയുടെ അടയാളം കൂടിയാണ് വിജയൻപിള്ളയുടെ ജീവിതവും ജനകീയതയും. വിജയണ്ണന്റെ രാഷ്ട്രീയമാണ് ഞങ്ങളുടെ രാഷ്ട്രീയമെന്ന് പതർച്ചയില്ലാതെ പറയാൻ കഴിയുന്ന നൂറുകണക്കിന് ജനങ്ങളെ ചവറയിലെങ്ങും സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾക്കായി. രണ്ടര പതിറ്റാണ്ടിലേറെ ജീവിതത്തിന്റെ ഭാഗമായിരുന്ന ആർ.എസ്.പിയോട് വിയോജിച്ച് കോൺഗ്രസിലെത്തിയപ്പോഴും തന്റെ രാഷ്ട്രീയമാണ് ശരിയെന്ന് ചവറയെ ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

മികച്ച ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് സീറ്റിൽ തേവലക്കരയിൽ നിന്ന് ജില്ലാ പഞ്ചായത്തംഗമായത്. പിന്നീട് കരുണാകരനൊപ്പം ഡി.ഐ.സിയിലേക്ക് പോയപ്പോഴും തിരികെ വന്നപ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ചവറ വിശ്വസിച്ചു. ഒപ്പം ചേരുന്നവരെ കൈവിടാതെ ചേർത്ത് നിറുത്തുന്നതാണ് വിജയൻപിള്ളയുടെ ശൈലി. രാഷ്ട്രീയത്തിലും അത് തന്നെയായിരുന്നു രീതി. ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യ നയത്തെ അംഗീകരിക്കാതെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കായി ചവറ കാത്തിരിക്കുമ്പോഴാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നത്.

എൽ.ഡി.എഫിൽ സി.എം.പി അരവിന്ദാക്ഷൻ വിഭാഗത്തിന് ലഭിച്ച ചവറ സീറ്റ് വിജയൻപിള്ളയിലേക്ക് എത്തിയതിന് പിന്നിലും സമാനതകളില്ലാത്ത ജനകീയത മാത്രമായിരുന്നു കാരണം. എതിരാളികളില്ലെന്ന് ഉറപ്പിച്ച് വിജയം പ്രവചിച്ച് നിന്ന യു.ഡി.എഫ് ക്യാമ്പിനെ നിരാശരാക്കിയാണ് പഴയ രാഷ്ട്രീയ ഗുരുവിന്റെ മകൻ ഷിബുബോബിജോണിനെ വിജയൻപിള്ള അട്ടിമറിച്ചത്. വിജയൻപിള്ളയെന്ന വ്യക്തിയിലേക്ക് രാഷ്ട്രീയത്തിന് അതീതമായി ചവറ ചേർന്ന് നിന്നു.

എത്ര തിരക്കിട്ടെത്തുന്നവരും അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുനിൽക്കും. ഒരു സാധാരണ നാട്ടുമ്പുറത്തുകാരന്റെ വർത്തമാനവും ശൈലിയുമായിരുന്നു എക്കാലവും അദ്ദേഹത്തിന്. രാഷ്ട്രീയത്തിനൊപ്പം വ്യവസായത്തിലും ശോഭിച്ചപ്പോൾ തൊഴിലാളികൾക്കൊപ്പം ജീവിച്ച മുതലാളി ആയിരുന്നു ചവറയ്‌ക്ക് അവരുടെ വിജയൻപിള്ള.