കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ കന്നേറ്റി കായലിൽ ചിങ്ങമാസത്തെ ചതയം നാളിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ട്രോഫി ജലോത്സവത്തിനും എൻ. വിജയൻപിള്ള എം.എൽ.എയുടെ വിയോഗം തീരാനഷ്ടം.
കഴിഞ്ഞ 18 വർഷമായി ജലോത്സവത്തിന്റെ കാരണവർ സ്ഥാനത്ത് തലയുയർത്തി നിലകൊള്ളുന്നത് വിജയൻപിള്ളയാണെന്ന് ജലോത്സവ കമ്മിറ്റി ചീഫ് -കോ ഓർഡിനേറ്റർ എസ്. പ്രവീൺകുമാർ പറയുന്നു. ജലോത്സവം വിജയൻപിള്ള ചേട്ടന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചിങ്ങം പിറക്കുന്നതോടെ ചേട്ടന്റെ ഫോണിലൂടെയുള്ള വിളിയെത്തും.
"പ്രവീണേ വള്ളംകളിയുടെ കാര്യം എന്തായി. ബോട്ട് ക്ലബുകളുടെ യോഗം വിളിച്ച് വള്ളങ്ങൾ ബുക്കു ചെയ്യുന്ന കാര്യങ്ങൾ തീരുമാനിച്ചോ. എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ അറിയിക്കാൻ മറക്കരുത്." ഞങ്ങൾക്ക് ആ വാക്കുകൾ മാത്രം മതി. വള്ളംകളിയുടെ തീയതി നിശ്ചയിച്ച് കഴിഞ്ഞാൽ ആദ്യ സംഭാവന വിജയൻപിള്ള ചേട്ടന്റെ കൈയിൽ നിന്നാണ് വാങ്ങുന്നത്. ഗുരുദേവന്റെ ഛായാ ചിത്രത്തിന് മുന്നിൽ ജ്വലിക്കുന്ന ഭദ്രദീപത്തിന് മുന്നിൽ ഇരു കൈകളും കൂപ്പി ഗുരുദേവനെ പ്രാർത്ഥിച്ച് സംഭാവന കൈയിലേക്ക് നൽകുമ്പോൾ ഒരു നിധി ലഭിച്ച പ്രതീതിയാണ് ഞങ്ങൾക്ക് അനുഭവപ്പെടുന്നത്.
വള്ളംകളി ദിവസം എവിടെ പോയാലും ഉച്ചയ്ക്ക് 2 മണിയോടെ അദ്ദേഹം ഗുരുദേവ പവലിയനിൽ എത്തും. മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കുള്ള സമ്മാനങ്ങൾ എല്ലാം വിതരണം ചെയ്തു സംഘാടകരോട് യാത്രചോദിച്ച ശേഷമാണ് അദ്ദേഹം പവലിയൻ വിട്ടിറങ്ങുന്നത്. "പിറ്റേദിവസവും രാവിലെ വിജയൻപിള്ള ചേട്ടന്റെ ഫോൺ കാൾ എത്തും. പ്രവീണേ ബാദ്ധ്യത വല്ലതും ഉണ്ടോ. ഉണ്ടെങ്കിൽ വിഷമിക്കേണ്ട. നമ്മുക്ക് പരിഹാരമുണ്ടാക്കാം." ഇനി അങ്ങനെ ചോദിക്കാനും സമാധാനിപ്പിക്കാനും ആരാണുള്ളത്. വിജയൻപിള്ള ചേട്ടന്റെ വേർപാട് ഉൾക്കൊള്ളാൻ മനസ് സമ്മതിക്കുന്നില്ല. ജലോത്സവ പ്രേമികളുടെ മനസിൽ വിജയൻപിള്ള ചേട്ടൻ എന്നും കാരണവരായി തന്നെ നിലകൊള്ളും.