navas
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഷെഡ് തകർന്ന നിലയിൽ

ശാസ്താംകോട്ട: നൂറുകണക്കിനു യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ അപര്യാപ്തതകളുടെ പട്ടികയിൽ പാർക്കിംഗ് ഷെൽട്ടറും. പാർക്കിംഗ് ഫീസ് ഇടാക്കുന്നുണ്ടെങ്കിലും കമ്പുകളും ടാർപ്പോളിനും ചേർത്ത് നിർമ്മിച്ച ഒരു താൽക്കാലിക ഷെൽട്ടർ മാത്രമാണ് ഇവിടെയുള്ളത്. ഇതാകട്ടെ കീറിപ്പറിഞ്ഞും തടികൾ ദ്രവിച്ചും എതുനിമിഷവും വീഴാറായ അവസ്ഥയിലും.

നിലവിൽ കുടുംശ്രീയുടെ മേൽനോട്ടത്തിലാണ് റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് പിരിക്കുന്നത്. മഴ നനഞ്ഞും വെയിലേറ്റും സ്റ്റേഷൻ പരിസരത്തിരിക്കുന്ന വാഹനങ്ങൾക്കാണ് ഫീസ് നൽകുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് 5 മുതൽ 10 രൂപ വരെയും കാറുകൾക്ക് 10 മുതൽ 20 രൂപ വരെയുമാണ് ഫീസ്.

എന്നാൽ ഇവിടെ സൂക്ഷിക്കുന്ന വാഹനങ്ങൾക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലെന്ന് യാത്രക്കാർ പറയുന്നു. ഹെൽമെറ്റും പെട്രോളുമൊക്കെ മോഷണം പോകുന്നത് നിത്യസംഭവമാണ്. രാത്രികാലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കാണ് തിരിച്ചെത്തുന്നതുവരെ യാതൊരു മനസമാധാനവും ഇല്ലാത്തത്. നിരവധി തവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ യാത്രക്കാർക്ക് കടുത്ത അമർഷമാണുള്ളത്. വിഷയത്തിൽ റെയിൽവേ അലംഭാവം വെടിയണമെന്നും സുരക്ഷിതമായ പാർക്കിംഗ് ഒരുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

പാർക്കിംഗിന് ആശ്രയം സ്വകാര്യ കേന്ദ്രങ്ങൾ

റെയിൽവേയുടെ പാർക്കിംഗ് സൗകര്യം പര്യാപ്തമല്ലാത്തതിനാൽ പല യാത്രക്കാരും ഇപ്പോൾ സ്വകാര്യവ്യക്തികൾ നടത്തുന്ന പാർക്കിംഗ് കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. കാശ് കുറച്ചുകൂടിയാലും വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കമെന്നതാണ് ഇവരെ ഇതിലേക്ക് നയിക്കുന്നത്. എന്നാൽ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇത് റെയിൽവേയ്ക്ക് ഉണ്ടാക്കുന്നത്.

ട്രെയിനുകളുടെ എണ്ണവും വർദ്ധിച്ചു

നിലവിൽ ശാസ്താംകോട്ട സ്റ്റേഷനിൽ സ്റ്റോപ്പുള്ള ട്രെയിനുകളുടെ എണ്ണം മുന്നത്തേക്കാൾ കൂടുതലാണ്. ഇതോടെ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചു. ഇവർക്കാണ് പാർക്കിംഗ് സൗകര്യം കീറാമുട്ടിയായിരിക്കുന്നത്. മുമ്പ് സ്വകാര്യവ്യക്തികൾക്ക് റെയിൽവേ പാർക്കിംഗ് കരാർ നൽകിയിരുന്നപ്പോൾ വിശാലമായ പാർക്കിംഗ് ഷെഡും സുരക്ഷയും ഉണ്ടായിരുന്നു. ഇതാണ് ഇപ്പോൾ ഓർമ്മകൾ മാത്രമായത്.

പാർക്കിംഗ് ഫീസ്

ഇരുചക്രവാഹനം: 5-10 രൂപ

കാറുകൾ: 10- 20 രൂപ