പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ വട്ടപ്പട ശാഖയിൽ പത്ത് ലക്ഷത്തിൽ അധികം രൂപ ചെലവഴിച്ച് നിർമ്മിച്ച ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മവും ക്ഷേത്ര സമർപ്പണ സമ്മേളനവും 27, 28, 29 തീയതികളിൽ നടക്കും. 27ന് വൈകിട്ട് 3ന് പുനലൂർ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ ചേരുന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ. സുന്ദരേശൻ ഗുരുദേവ പഞ്ചലോഹ വിഗ്രഹം ശാഖാ ഭാരവാഹികൾക്ക് കൈമാറും. പിന്നീട് 3.30ന് യൂണിയൻ ഓഫീസ് മൈതാനിയിൽ നിന്ന് പീതാംബരധാരികളായ ശ്രീനാരായണീയരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഘോഷയാത്രയ്ക്ക് പുനലൂർ ടൗൺ ശാഖയിലും ഐക്കരക്കോണം, കക്കോട്, പ്ലാച്ചേരി, കലയനാട് തുടങ്ങിയ ശാഖകളിലും സ്വീകരണങ്ങൾ നൽകും. വൈകിട്ട് 5.30ഓടെ വട്ടപ്പട ശാഖാങ്കണത്തിൽ സമാപിക്കും. വൈകിട്ട് 6ന് ഗുരുപൂജ, ആചാര്യവരണം, ഗണപതിപൂജ, ധാര, 28ന് രാവിലെ 8ന് ഗുരുഭാഗവതപാരായണം, 9.30ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 6ന് ഭഗവതിസേവ, വാസ്തുപൂജ, പ്രസാദ ശുദ്ധി, ജീവകലശം ആവാഹനം, ബിംബശുദ്ധി, 29ന് രാവിലെ 4.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6ന് ഉഷഃപൂജ, 7ന് നവകലശ പൂജ, 10.15നും 10.45നും മദ്ധ്യേ ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെയും തന്ത്രി എസ്. ശ്യാംകുമാറിന്റെയും മുഖ്യകാർമ്മികത്വത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം നടക്കും.11ന് ആദ്യാർച്ചന, 11.15ന് സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് മഹാഗുരു പൂജ, മഹാനിവേദ്യം, ആചാര്യദക്ഷിണ, 12.30ന് അന്നദാനം, വൈകിട്ട് 3ന് യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിക്കും. തുടർന്ന് സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ വൈസ് പ്രസിഡന്റ് എൻ. പ്രഭാകരൻ പുതുതായി വാങ്ങിയ മൈക്ക് സെറ്റിന്റെ സ്വിച്ച് ഒാൺ കർമ്മം നിർവഹിക്കും. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, പുനലൂർ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ് കുമാർ, ജി. ബൈജു, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും കലയനാട് ജീവ നേഴ്സിംഗ് ഹോം മാനേജിംഗ് ഡയറക്ടറുമായ ഡോ. ശിവദാസ്, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, സന്തോഷ് ജി. നാഥ്, കെ.വി. സുഭാഷ്ബാബു, എൻ. സുന്ദരേശൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ, വാർഡ് കൗൺസിലർ എസ്. സനിൽകുമാർ, ആയുർവേദ മെഡിക്കൽ സൂപ്രണ്ട് ഡോ. അഭിലാഷ്, യൂണിയൻ പ്രതിനിധി വിക്രമൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് സലീന പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിക്കും. പ്രാർത്ഥനാ സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ് ഗുരു സ്മരണ നടത്തും. ശാഖാ പ്രസിഡന്റ് വി.എൻ. വിജയനാഥ് സ്വാഗതവും വനിതാ സംഘം ശാഖാ സെക്രട്ടറി അനിഷ അജേഷ് നന്ദിയും പറയും. ശാഖാ സെക്രട്ടറി എസ്. സന്തോഷ് റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, രാത്രി 7ന് തൃശൂരിൽ നടന്ന ഏകാത്മകം ഇവന്റ് ഗിന്നസ് റെക്കോർഡ് ജേതാവായ ലക്ഷ്മി വിനോദ് അവതരിപ്പിക്കുന്ന കുണ്ഡലിനി പാട്ടിന്റെ മോഹിനിയാട്ടവും ഗുരു ചൈതന്യ പ്രാർത്ഥനാ സമിതിയുടെ നേതൃത്വത്തിൽ കുമാരി ഐശ്വര്യ സുദർശനൻ അവതരിപ്പിക്കുന്ന ദൈവദശക മോഹിനിയാട്ടവും നടക്കും. ഗുരുദേവ ക്ഷേത്രവും ഓഫീസും പണിയാൻ ഭൂമി സംഭവാനയായി നൽകിയത് വട്ടപ്പട ഗോപാല വിലാത്തിൽ ഗോപാലൻ വൈദ്യരാണ്. കലയനാട് ജീവ നേഴ്സിംഗ് ഹോം മാനേജിംഗ് ഡയറക്ടർ ഡോ. ശിവദാസാണ് ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള പഞ്ചലോഹ വിഗ്രഹം സംഭാവനയായി നൽകുന്നത്. വട്ടപ്പട ശ്രീവിലാസത്തിൽ വിനോദും ആശാ മന്ദിരത്തിൽ ലക്ഷ്മി കുട്ടിയും ചേർന്നാണ് ഗുരുക്ഷേത്രത്തോട് ചേർന്ന് നടപ്പന്തൽ സംഭാവനയായി നൽകിയത്. വട്ടപ്പട ശ്രീനിലയത്തിൽ മോഹനൻ, ജയമോഹനൻ എന്നിവർ ചേർന്ന് മൈക്ക് സെറ്റും വട്ടപ്പട കുമാർ ഭവനിൽ പ്രവീൺകുമാറും അരുൺകുമാറും ചേർന്ന് ഗുരുദേവ ക്ഷേത്ര മൈതാനിയിൽ കുഴൽ കിണറും സംഭാവനയായി നൽകി. ചെന്നെെ സ്വദേശി കുമാരി നക്ഷത്ര പൂജാ സാധനങ്ങൾ സംഭവാനയായി നൽകും.