photo
പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ നിർമ്മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടം

കൊട്ടാരക്കര: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ബഹുനില കെട്ടിട സമുച്ചയ നിർമ്മാണത്തിന് ജീവൻ വച്ചു. അടുത്ത അദ്ധ്യയന വർഷം മുതൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ളാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 2.75 കോടി രൂപ ഉപയോഗിച്ചാണ് മൂന്ന് നിലകളുള്ള കെട്ടിടം നിർമ്മിച്ചത്. നിർമ്മാണം പാതിവഴിയിൽ നിലച്ചിരുന്നതാണ്. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഒക്ടോബർ 29ന് പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ: അക്ഷര മുത്തശ്ശിയുടെ ഹൈടെക് സ്വപ്നങ്ങൾക്ക് അകാല ചരമം!' എന്ന തലക്കെട്ടോടെ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ അധികൃതർ ഉണർന്നെങ്കിലും കരാറുകാർക്ക് പണം നൽകുന്നതിനും മറ്റുമുണ്ടായ തടസം മാറിയത് ഇപ്പോഴാണ്. മാർച്ച് 31ന് മുൻപായി ഉദ്ഘാടനം ചെയ്യാൻ ആലോചന നടത്തിയെങ്കിലും ഇത് നടക്കില്ലെന്ന് ബോദ്ധ്യപ്പെട്ടു. എന്നാൽ വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോഴേക്കും പുതിയ കെട്ടിടം ദ്ഘാടനം ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടൽ.

ഓടിട്ട കെട്ടിടങ്ങളിൽ നിന്ന് മോചനം

പുത്തൂരിന്റെ അക്ഷര മുത്തശ്ശിയാണ് ഈ സർക്കാർ വിദ്യാലയം. ആർ. ശങ്കർ ഉൾപ്പടെയുള്ള പ്രമുഖർക്ക് അക്ഷരവെളിച്ചം പകർന്നുകൊടുത്ത വിദ്യാലയമാണ്. 120 വർഷത്തിലധികം പഴക്കമുള്ള വിദ്യാലയം ഇന്ന് ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ്. ആർ. ശങ്കറിന്റെ ജന്മശതാബ്ദി വർഷത്തിൽ എ.കെ. ആന്റണിയുടെ എം.പി ഫണ്ടിൽ നിന്ന് പുതിയ കെട്ടിടം നിർമ്മിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. അന്ന് നിർമ്മിച്ച കെട്ടിടത്തിലാണ് ഹയർ സെക്കൻഡറി ബ്ളോക്ക് പ്രവർത്തിക്കുന്നത്. എന്നാൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പഴയ ഓടിട്ട കെട്ടിടങ്ങൾ തന്നെയായിരുന്നു ശരണം. ഇനി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ ഓടിട്ട കെട്ടിടങ്ങളിൽ നിന്ന് എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മോചനമാകും. തടസങ്ങളൊക്കെ നീങ്ങി സ്കൂളിന്റെ ഹൈടെക് സ്വപ്നങ്ങൾ ഓരോന്നും യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ളാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 2.75 കോടി രൂപ ഉപയോഗിച്ചാണ് മൂന്ന് നിലകളുള്ള കെട്ടിടം നിർമ്മിച്ചത്

3 കോടിയുടെ കെട്ടിടം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച മൂന്നുകോടി രൂപയുടെ കെട്ടിടവും ഉടൻ നിർമ്മാണം തുടങ്ങും. കിട്കോയ്ക്കാണ് നിർമ്മാണ ചുമതല. ഈ കെട്ടിടം കൂടി എത്തുന്നതോടെ സ്കൂളിന്റെ സ്ഥലപരിമിതിക്ക് പൂർണ പരിഹാരമാകും. പത്ത് ലക്ഷം രൂപ ചെലവിൽ പ്രവേശന കവാടവും നിർമ്മിക്കും.

പണി പുരോഗമിക്കുന്നു

നിലച്ചിരുന്ന നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ച് വൈറ്റ് സിമന്റ് അടിച്ചു കഴിഞ്ഞു. അകത്തും പുറത്തും ടൈൽസ് ഇടുന്ന ജോലികൾ പുരോഗമിക്കുകയാണ്. പെയിന്റിംഗ്, സൗന്ദര്യവൽക്കരണം, ഫർണീച്ചറുകൾ സജ്ജീകരിക്കൽ എന്നിവ കൂടി ആകുമ്പോൾ കെട്ടിട സമുച്ചയം മനോഹരമാവും.