photo
എൻ.വിജയൻപിള്ള എം.എൽ.എയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനായി പുള്ളിമാൻ ജംഗ്ഷനിൽ എത്തിച്ചേർന്ന ജനക്കൂട്ടം

കരുനാഗപ്പള്ളി: കരുനാഗപ്പളിക്കാരുടെ സ്വന്തം വിജയൻപിള്ള ചേട്ടന് ഇന്നലെ കരുനാഗപ്പള്ളി നിവാസികൾ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. വിജയൻപിള്ള ചേട്ടന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങളാണ് പുള്ളിമാൻ ജംഗ്ഷനിലെത്തിച്ചേർന്നത്. വിജയൻപിള്ള എം.എൽ.എയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് രാവിലെ 11 മണിയോടെ പുള്ളിമാൻ ജംഗ്ഷനിൽ എത്തിച്ചേർന്നു. ഇവിടെ വെച്ച് മൃതദേഹം മറ്റൊരു ആബുലൻസിലേക്ക് മാറ്റി. ആർ. രാമചന്ദ്രൻ എം.എൽ.എ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, അഡ്വ. കെ. പ്രകാശ് ബാബു, കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, പി.കെ. ബാലചന്ദ്രൻ, ജെ. ജയകൃഷ്ണപിള്ള, അഡ്വ. ബി. ഗോപൻ, കരുമ്പാലിൽ സദാനന്ദൻ, റെജി പ്രഭാകരൻ തുടങ്ങിയവർ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ഇവിടെ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം ചവറയിലേക്ക് കൊണ്ട് പോയത്. ആംബുലൻസ് കടന്ന് പോയ ദേശീയ പാതയുടെ ഇരുവശങ്ങളിലും നിരവധിപേർ അദരാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. ജന്മം കൊണ്ട് ചവറക്കാരനാണെങ്കിലും കർമ്മം കൊണ്ട് വിജയൻപിള്ള ചേട്ടൻ കരുനാഗപ്പള്ളിക്കാരുടെ മനസ് കീഴടക്കിയ മനുഷ്യ സ്നേഹിയായിരുന്നു.