കൊല്ലം: ജനങ്ങളോട് അർപ്പണബോധത്തോടെ പ്രവർത്തിച്ച സാമാജികനായിരുന്നു എൻ.വിജയൻ പിള്ളയെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. ചവറ മേഖലയുടെ വികസനത്തിൽ പ്രത്യേകിച്ചും നിയമസഭാംഗമെന്ന നിലയിൽ കേരള വികസനത്തിന് പൊതുവിലും അദ്ദേഹം സംഭാവന നൽകി. ജനങ്ങളുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ പൊതു പ്രവർത്തകനായിരുന്നു വിജയൻപിള്ള. രണ്ട് ദശാബ്ദത്തിലേറെ പഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച വിജയൻ പിള്ള ആശുപത്രിക്കിടക്കയിലും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ സജീവ തൽപരനായിരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ വൈകിട്ട് ചവറ മടപ്പള്ളിയിലെ വീട്ടിലെത്തി അദ്ദേഹം വിജയൻപിള്ളയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാരായ കെ.കെ. ഷൈലജ, ജെ. മേഴ്സിക്കുട്ടിഅമ്മ, കെ. രാജു, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രൻ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, എം. വിൻസെന്റ്, കോവൂർ കുഞ്ഞുമോൻ, ചിറ്റയം ഗോപകുമാർ, കെ.ബി. ഗണേശ്കുമാർ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, മുൻ മന്ത്രി ഷിബു ബേബിജോൺ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലും വിവിധ പൊതുദർശന കേന്ദ്രങ്ങളിലുമെത്തി.