ശൂരനാട്: തെന്നല ബാലകൃഷ്ണപിള്ള രാഷ്ട്രീയ വിശുദ്ധിയുള്ള നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശൂരനാട് എച്ച്.എസ് അങ്കണത്തിൽ തെന്നലയുടെ നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തേടിയെത്തിയ സ്ഥാനങ്ങൾ വേണ്ടെന്ന് പറയാൻ മടിയില്ലാത്ത നേതാവാണ് തെന്നല. കോൺഗ്രസിലെ പലർക്കും കമ്മ്യൂണിസ്റ്റ് വിരോധമുണ്ട്, പക്ഷേ തെന്നലയ്‌ക്കില്ല. വിരുദ്ധ അഭിപ്രായങ്ങളെ സഹിഷ്ണുതയോടെ കാണുന്ന സമീപനമാണ് തെന്നലയുടേത്. കുടുംബസ്വത്ത് വിറ്റ് പാർട്ടിക്ക് വേണ്ടി ചെലവഴിച്ച അപൂർവം നേതാക്കളിൽ ഒരാളാണ് അദ്ദേഹം. വിശ്വസ്തതയാണ് തെന്നലയുടെ മുഖമുദ്ര. ഈ കാപട്യമില്ലായ്‌മയാണ് താൻ സ്വാതന്ത്ര്യ സമര സേനാനി അല്ലെന്ന് പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സോമപ്രസാദ്, സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, പുനലൂർ സോമരാജൻ, പന്തളം സുധാകരൻ, എച്ച്. അബ്ദുൽഖലീൽ തുടങ്ങിയവർ പ്രസംഗിച്ചു. മുഖ്യമന്ത്രി തെന്നലയെ പൊന്നാട അണിയിച്ച് ആദരിക്കുകയും മുഖ്യമന്ത്രിയും എ.കെ.ആന്റണിയും ചേർന്ന് അദ്ദേഹത്തിന് നവതി ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.
.......................................
പാർലമെന്ററി മോഹമില്ലാത്ത അപൂർവ വ്യക്തിത്വമാണ് തെന്നല. കോൺഗ്രസിൽ ഗ്രൂപ്പ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴൊക്കെ പ്രതിസന്ധികളെ പരിഹരിച്ചിരുന്നത് തെന്നലയിലൂടെയാണ്. രണ്ട് പ്രാവശ്യം കെ.പി.സി.സി അദ്ധ്യക്ഷൻ ആയതും പാർലമെന്റ് - നിയമസഭാ അംഗമായതും അദ്ദേഹം ആഗ്രഹിക്കാതെ വന്നുചേർന്നതാണ്. ഞാനും കരുണാകരനുമായി പ്രശ്നം ഉണ്ടാകുമ്പോഴൊക്കെ പൊതുസമ്മതനായെത്തി എന്നും പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നത് തെന്നല ആയിരുന്നു.
എ.കെ. ആന്റണി
..................................
എല്ലാവർക്കും സ്വീകാര്യനായി ഒരാൾ രാഷ്ട്രീയത്തിൽ ഉണ്ടാകുന്നത് അപൂർവമാണ്. എല്ലാവർക്കും പ്രിയങ്കരനാണ് അധികാര മോഹമില്ലാത്ത തെന്നല. അതിനാൽ തന്നെ രാഷ്ട്രീയ പ്രവർത്തകരുടെ വ്യത്യസ്‌ത മുഖമാണ് അദ്ദേഹം
രമേശ് ചെന്നിത്തല
...................................
തെന്നല ഒരു നല്ല മനുഷ്യനാണ്. നല്ല മനുഷ്യന് മാത്രമേ ഒരു നല്ല നേതാവ് ആകാൻ കഴിയൂ. അധികാരങ്ങൾ തേടിയെത്തുമ്പോൾ അത് വേണ്ടെന്ന് പറയാൻ അദ്ദേഹം കാണിച്ച തന്റേടവും മനസും മാതൃകയാണ്.
കാനം രാജേന്ദ്രൻ