കൊട്ടാരക്കര: നിർജീവമായ അവസ്ഥയിൽ നിന്ന് എസ്.എൻ.ഡി.പി യോഗത്തെ ഒരു ചാലക ശക്തിയായി വളർത്തി നേട്ടങ്ങളുടെ നെറുകയിലെത്തിച്ച വെള്ളാപ്പള്ളി നടേശന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലനും സെക്രട്ടറി ജി. വിശ്വംഭരനും അറിയിച്ചു. പലതരം കുതന്ത്രങ്ങളിലൂടെ യോഗ നേതൃത്വത്തിന്റെ ഇഷ്ടക്കാരനായി മാറി അതുവഴി സ്ഥാന ലബ്ധി നേടിയ ആളാണ് സുഭാഷ് വാസു. താൻതന്നെ സർവതാകേമൻ എന്ന് സ്വയം വിശ്വസിച്ചാണ് സുഭാഷ് വാസു പിന്നീട് പ്രവർത്തിച്ചത്. അവിശ്വസനീയ കുംഭകോണങ്ങളും തിരിമറികളും പിടിക്കപ്പെട്ടതോടെയാണ് അദ്ദേഹം പുറത്തായത്. സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതോടെ ഭീഷണിയുമായി സുഭാഷ് വാസു രംഗത്തെത്തിയത്. മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ ഇരുന്ന കസേരയുടെ മഹത്വം പോലും തിരിച്ചറിയാൻ കഴിവില്ലാത്തയാളാണ്. സെൻകുമാറിനെ മുഖ്യമന്ത്രി പിണറായി ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയോട് ആദ്യം പലരും വിയോജിച്ചെങ്കിലും അത് ശരിയായ തീരുമാനമായിരുന്നെന്ന് കാലം ബോദ്ധ്യപ്പെടുത്തി. രണ്ട് പതിറ്റാണ്ട് പിന്നിട്ട വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ യോഗവും ട്രസ്റ്റും കൈവരിച്ച നേട്ടങ്ങൾ ചെറുതല്ല. കൊല്ലത്തെ ലാ കോളേജ്, നഴ്സിംഗ് കോളേജ്, സെൻട്രൽ സ്കൂൾ, 22 സ്വാശ്രയ കോളേജുകൾ, നിരവധി സ്കൂളുകൾ, ശങ്കേഴ്സ് ആശുപത്രി 9 നിലകളോടെ നവീകരിച്ചത് തുടങ്ങിയവ അതിൽ ചിലത് മാത്രം. യോഗം ആസ്ഥാന മന്ദിരമടക്കം ഒരുക്കിയെടുക്കാൻ അദ്ദേഹം പണിപ്പെട്ടത് പൊതുസമൂഹത്തിന് അറിയാം. ആ നേതൃത്വത്തിനൊപ്പം നിൽക്കാനാണ് കൊട്ടാരക്കര യൂണിയനും ആഗ്രഹിക്കുന്നതെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.