പുനലൂർ: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി പുനലൂർ ശ്രീനാരായണ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സെമിനാർ സംഘടിപ്പിച്ചു. 2019-20ൽ ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുമാരി രേഷ്മ രാജീവ് സെമിനാർ ഉദ്ഘാടനം ചെയ്തു. പിന്നീട് വനിതകളും സംരംഭകത്വവും എന്ന വിഷയത്തെ ആസ്പമാക്കിയുള്ള സെമിനാറിൽ രേഷ്മ രാജീവ് ക്ലാസുകൾ നയിച്ചു. കോളേജ് പ്രിൻസിപ്പൾ ഡോ. എ. സുഷമാദേവി അദ്ധ്യക്ഷത വഹിച്ചു. വിമൺ സെൽ കോ-ഓർഡിനേറ്റർ രേഷ്മ എസ്. രാജൻ, അദ്ധ്യാപകരായ പ്രൊഫ. യു. ഭാർഗവൻ, സ്വപ്ന ഗോപി, പി. ബീന, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റിഞ്ചു സജീവ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് രേഷ്മ രാജീവനെ പ്രിൻസിപ്പൾ ഡോ. എ. സുഷമാദേവി പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഉപഹാരവും നൽകി. എസ്.എൻ.ഡി.പി യോഗം കൊല്ലം മുണ്ടയ്ക്കൽ 608-ാം നമ്പർ ഉദയ മാർത്താണ്ഡപുരം ശാഖാ സെക്രട്ടറി രാജീവിന്റെ മകളാണ് രേഷ്മ രാജീവ്.