v
കൂട്ട മരണത്തിന്റെ ഞെട്ടൽ മാറാതെ ഇട്ടിവ

കൊല്ലം: വിമുക്ത ഭടനായ സുദർശൻ മകനായ സുധേഷിനെയും ഭാര്യ വസന്തകുമാരിയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതിന്റെ ഞെട്ടൽ മാറാതെ നിൽക്കുകയാണ് ഇട്ടിവയെന്ന ഗ്രാമം. സംഭവമറിഞ്ഞ് നൂറുകണക്കിന് പേരാണ് ഇട്ടിവയിലെ സുദർശന്റെയും വസന്തകുമാരിയുടെയും വീട്ടിലേക്ക് ഒഴുകിയെത്തിയത്. വസന്തകുമാരിയുടെ കുടുംബവീട് ഇപ്പോൾ താമസിക്കുന്നയിടത്ത് നിന്ന് ഒന്നര കിലോമീറ്രർ അകലെയാണ്. ഭർത്താവുമായി വഴക്ക് പതിവായതിനാൽ കുടുംബ വീട്ടിൽ നിന്നും എല്ലാദിവസവും വസന്തകുമാരിയെ വിളിക്കുമായിരുന്നു. ഇന്നലെ വിളച്ചപ്പോൾ ആരും ഫോൺ എടുത്തില്ല. ഇതോടെ വസന്തകുമാരിയുടെ വീട്ടുകാർ അയൽവാസികളെ വിവരമറിയിച്ചു. തുടർന്നാണ് അയൽവാസികൾ വീട്ടിലെത്തി പരിശോധന നടത്തിയത്. വസന്തകുമാരിയുടെയും സുധേഷിന്റെയും തലയ്ക്കാണ് പരിക്ക്. മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് അടിച്ചതാനാകാണ് സാദ്ധ്യതയെന്ന് പൊലീസ് പറഞ്ഞു. സുധേഷിന്റെ മരണം നാട്ടിലെ സുഹൃത്തുക്കൾക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. വീടിനടുത്തുള്ള മലർവാടി എന്ന ക്ലബിന്റെ സജീവ പ്രവർത്തകനായിരുന്നു സുധേഷ്. വാശിയോടെ പഠിച്ചാണ് അഭിഭാഷകനായത്.