പുനലൂർ: കേരളത്തിലെ പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാനത്തെ തുടർന്ന് കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുനലൂർ പൊലീസ് സ്റ്റേഷൻ മാർച്ച് ഉന്തിലും തള്ളിലും കലാശിച്ചു. പുനലൂർ ടി.ബി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കെ.എസ്.ആർ.ടി.സി, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി ചെമ്മന്തൂരിലെ പൊലീസ് സ്റ്റേഷൻ റോഡിൽ എത്തിയപ്പോൾ തടഞ്ഞു. പിന്നീട് പൊലീസ് വലയം ഭേദിച്ച് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചു. ഇതേ തുടർന്ന് പൊലീസും പ്രവർത്തകരുമായി ഉന്തും തളളും ഉണ്ടായെങ്കിലും മുതിർന്ന നേതാക്കൾ ഇടപെട്ടു പ്രവർത്തകരെ ശാന്തരാക്കി. മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി മാർച്ച് ഉദ്ഘാടനം ചെയ്തു. പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. താജുദ്ദീൻ, നെൽസൺ സെബാസ്റ്റ്യൻ, ജി. ജയപ്രകാശ്, സുരേഷ് കുമാർ ബാബു, സഞ്ജു ബുഖാരി, എൻ. സുന്ദരേശൻ, സുരേന്ദ്രനാഥ തിലകൻ, എസ്.ഇ. സഞ്ജ്ഖാൻ തുടങ്ങിയവർ സംസാരിച്ചു.