corona-ward

പുനലൂർ: റാന്നിയിൽ നിന്നുള്ള കൊറോണ ബാധിതർ പുനലൂരിലെ മണിയാറിലുള്ള ബന്ധുവീട് സന്ദർശിച്ചതിനാൽ ബന്ധുക്കളായ അഞ്ചു പേരെ പരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ഒരു കുട്ടിയടക്കം അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇറ്റലിയിൽ നിന്ന് പത്തനംതിട്ടയിലെ റാന്നിയിലെത്തിയ കുടുംബം ബന്ധുവീടായ പുനലൂരിന് സമീപത്തെ മണിയാറിലെത്തിയ വിവരം ഇന്നലെ രാവിലെ 10ന് ജില്ലാ കളക്ടർ പുനലൂരിലെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. വൈകിട്ടോടെയാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെ ഇവരെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കിയെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 4ന് മണിയാറിലെത്തിയ റാന്നി സ്വദേശികൾ 6.30നാണ് മടങ്ങിയത്. രണ്ടര മണിക്കൂർ ബന്ധുക്കൾക്കൊപ്പം ഇവർ ചെലവഴിച്ചിട്ടുണ്ട്. ബന്ധു വീട്ടിലുണ്ടായിരുന്ന മൂന്നുപേരെയും റാന്നി സ്വദേശികളുമായി ബന്ധപ്പെട്ട അയൽവാസികളായ രണ്ട് പേരെയുമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 29നായിരുന്നു ഇറ്റലിയിൽ നിന്ന് അച്ഛനും മകനും മകന്റെ ഭാര്യയും പത്തനംതിട്ടയിലെ റാന്നിയിലുളള ബന്ധു വീട്ടിലെത്തിയത്. തുടർന്നാണ് മണിയാറിലെ ബന്ധു വീട്ടിലെത്തിയ ശേഷം ഇവർ മടങ്ങിയത്.