rod
കൈതക്കുഴി - ടി.ബി ജംഗ്ഷൻ റോഡിൽ കൈതക്കുഴി ഭാഗത്ത്‌ നിർമ്മാണത്തിനായി പാകിയ മെറ്റലുകൾ ഇളകിയ നിലയിൽ

 റോ‌ഡ് പുനർനിർമ്മാണം മുടങ്ങിയിട്ട് മാസങ്ങൾ

ചാത്തന്നൂർ: കൈതക്കുഴി ജംഗ്ഷൻ - ടി.ബി ഹോസ്പിറ്റൽ റോഡിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി കൈതക്കുഴി ജംഗ്ഷനിൽ നിന്ന് അഞ്ഞൂറ് മീറ്റർ ദൂരം മെറ്റൽ പാകിയിരിക്കുന്നത് യാത്രക്കാർക്ക് അപകടമുണ്ടാക്കുന്നതായി പരാതി. മെറ്റൽ പാകി മാസങ്ങൾ കഴിഞ്ഞിട്ടും ടാറിംഗ് ആരംഭിക്കാത്തതാണ് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്.

റോഡ‌ിന്റെ നിർമ്മാണം പാതിവഴിയിൽ മുടങ്ങിയതോടെ സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെയുള്ള കാൽനടയാത്രികരുടെ ജീവന് പോലും ഭീഷണിയായിരിക്കുകയാണ്. റോഡിൽ ഇളകി കിടക്കുന്ന വലിയ മെറ്റലുകൾ വാഹനങ്ങളുടെ ടയറിൽ തട്ടി തെറിച്ച് വഴിയാത്രകാർക്ക് പരിക്കുകൾ സംഭവിക്കുന്നത് നിത്യസംഭവമാണ്. വലിയ കല്ലുകളിൽ കയറി ഇരുചക്ര വാഹനങ്ങളും മറിഞ്ഞ് വീഴുകയാണ്. ഇതുകൂടാതെ വേനൽ രൂക്ഷമായതോടെ റോഡിൽ നിന്ന് ഉയരുന്ന പൊടിയും പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.