get
പുനലൂരിന് സമീപത്തെ തൊളിക്കോട് കൊച്ചുവിളാകത്ത് കുളിക്കടവ് റോഡിൽ സ്ഥാപിച്ച ഗേറ്റ് നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സുശീലാരാധാകൃഷ്ണൻ തുറന്ന് നൽകുന്നു. മുൻ നഗരസഭ ചെയർമാൻ കെ.രാജശേഖരൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി.നാഥ് തുടങ്ങിയവർ സമീപം

പുനലൂർ: പുനലൂർ - അഞ്ചൽ പാതയോരത്തെ തൊളിക്കോട് കൊച്ചുവിളാകത്ത് കടവിൽ ഗേറ്റ് സ്ഥാപിച്ചു. കഴിഞ്ഞ മാസം കല്ലടയാറിന്റെ തീരത്തെ കുളിക്കടവിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥികളായ രണ്ട് പേ‌ർ മുങ്ങി മരിച്ചതിനെ തുട‌ർന്ന് പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിലാണ് ഗേറ്റ് സ്ഥാപിച്ചത്. മോഡൽ പരീക്ഷ കഴിഞ്ഞ് സഹപാഠികളായ അഞ്ച് വിദ്യാർത്ഥികൾക്കൊപ്പം കൊച്ചുവിളാകത്തെ കുളിക്കടവിൽ ഇറങ്ങിയ പുനലൂർ ശബരിഗിരി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ രണ്ട് പേരാണ് മുങ്ങി മരിച്ചത്. കഴിഞ്ഞ വർഷം സമീപത്തെ തലയാംകുളം സ്വദേശികളായ രണ്ട് യുവാക്കളും ഇവിടെ മുങ്ങി മരിച്ചിരുന്നു. ഇത് കണക്കിലെടുത്ത് അപകടമേഖലയായ കുളിക്കടവിൽ ഗേറ്റ് സ്ഥാപിക്കാൻ മുൻ നഗരസഭ ചെയർമാൻ കെ. രാജശേഖരൻ കഴിഞ്ഞ മാസം എൻജിനിയറിംഗ് വിഭാഗത്തെ ചുമലതപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് കുളിക്കടവിലേക്ക് പോകുന്ന റോഡിൽ ഗേറ്റ് സ്ഥാപിച്ചത്. നഗരസഭാ ആക്ടിംഗ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ ഗേറ്റ് തുറന്ന് നൽകി. പിന്നീട് താഴിട്ട് പൂട്ടി. മുൻ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി. നാഥ്, കൗൺസിലർമാരായ എം.എ. ലത്തീഫ്, സിന്ധു ഗോപകുമാർ, കെ. പ്രഭ, ഫോട്ടോഗ്രാഫർ സുരാജ് തുടങ്ങിയവർ പങ്കെടുത്തു.