പരവൂർ: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിൽ പൂതക്കുളത്ത് സ്ത്രീകളുടെ രാത്രികാല നടത്തം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പഞ്ചായത്ത് ഓഫീസിൽ ഒത്തുകൂടിയ വനിതകൾ പ്രതിജ്ഞ ചൊല്ലുകയും ദീപം തെളിക്കുകയും ചെയ്തു. തുടർന്ന് കുടുംബശ്രീ പ്രവർത്തകർ, നിർഭയ വോളന്റിയേഴ്സ്, അങ്കണവാടി ജീവനക്കാർ, പഞ്ചായത്ത് വനിതാ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ അൻപതോളം പേർ രണ്ട് പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര നടത്തി.
പൂതക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ, മുൻ പ്രസിഡന്റ് കെ.എൻ. ശ്രീദേവിഅമ്മ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീരശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാദേവി, ഗ്രാമപഞ്ചായത്ത് അംഗം ഷീല, കുടുംബശ്രീ ചെയർപേഴ്‌സൺ ഗീതാ ഉണ്ണി, പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ എന്നിവർ സംസാരിച്ചു.