facetatoo

ഇന്നത്തെക്കാലത്ത് ഫാഷൻ ഫാക്ടറാണ് ടാറ്റു അല്ലെങ്കിൽ പച്ചകുത്തൽ. മരണം വരെ കൂടെയുണ്ടാകും എന്നതാണ് ടാറ്റുവിന്റെ പ്രത്യേകത. പക്ഷേ, സുന്ദരമായ മുഖം മുഴുവൻ പച്ചകുത്തി വികൃതമാക്കിയ ഒരുകൂട്ടം സ്ത്രീകളുണ്ട് അങ്ങ് മ്യാൻമാറിൽ. മ്യാൻമാറിലെ പർവതപ്രദേശത്തുള്ള ചിൻ ഗോത്രത്തിലെ സ്ത്രീകൾക്കിടയിലായിരുന്നു വിചിത്രമായ ഈ ആചാരം നിലനിന്നിരുന്നത്. പെൺകുട്ടികൾ പ്രായപൂർത്തിയായാലുടൻ പച്ചകുത്തൽ നടത്തിയിരുന്നു. കാളയുടെ പിത്തരസവും മൃഗക്കൊഴുപ്പും ചേർത്ത് മുള്ളുകൾ കൊണ്ടാണ് അതി വേദനാജനകമായ ഈ ആചാരം നടത്തുന്നത്. ഒരാഴ്ച കൊണ്ട് പെൺകുട്ടിയുടെ മുഖമാകെ പച്ചകുത്തിക്കഴിഞ്ഞിരിക്കും.

പച്ചയും കറുപ്പും നീലയും നിറഞ്ഞ ചെറിയ നേർത്ത വരകളും കുത്തുകളും കൊണ്ടാണ് പച്ചകുത്തുക. മുഖത്ത് പിന്നെ ഒരിഞ്ച് സ്ഥലം ബാക്കിയുണ്ടാവില്ല, അത്ര സൂക്ഷ്മമായാണ് ഇത് ചെയ്യുക. ഏതായാലും ഈ ആചാരം ഇപ്പോൾ നിലവിലില്ല. കൊച്ചു പെൺകുട്ടികളെ വേദനിപ്പിക്കുന്ന ഈ ആചാരം 1960കളിൽ സർക്കാർ നിയമം മൂലം നിറുത്തലാക്കി. അതിന് മുമ്പ് പച്ചകുത്തിയവർ മുഖത്താകെ പച്ചകുത്തും കഴുത്തിൽ നിറയെ മുത്തുമാലകളുമായി ഇപ്പോഴും ഗ്രാമത്തിലുണ്ട്. ഈ വിചിത്ര ആചാരത്തിന് പിന്നിൽ മറ്റൊരു കഥകൂടി പ്രചരിക്കുന്നുണ്ട്.

പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി അടിമകളാക്കുന്ന ഒരു രാജാവിൽ നിന്ന് രക്ഷപ്പെടാനാണത്രേ മുഖം പച്ചകുത്തി വികൃതമാക്കുന്നത്. പിന്നീടത് അവരുടെ സംസ്കാരത്തിന്റെ ഭാഗമായതാണെന്നും പറയപ്പെടുന്നു. എന്നാൽ ചിൻ ഗോത്രത്തിലെ ഇപ്പോഴത്തെ പെൺകുട്ടികൾ ഈ പച്ചകുത്തൽ ആചാരത്തിന് നിന്ന് കൊടുക്കാറില്ല. അതുകൊണ്ട് തന്നെ പച്ചകുത്തലിന്റെ അടയാളവുമായി നടക്കുന്ന വൃദ്ധമുഖങ്ങൾ മറയുന്നതോടെ ഈ വിചിത്ര ആചാരത്തിന്റെ തെളിവുകളും ഇല്ലാതാകും.