11
കൊറോണ

കൊല്ലം: കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പിനൊപ്പം പൊലീസും രംഗത്തിറങ്ങും. ആരോഗ്യവകുപ്പിന്റെ വിവരശേഖരണവുമായി വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവർ പൂർണമായും സഹകരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് കൂടി ഇടപെടുന്നത്.

ജനമൈത്രി പൊലീസ് ഭവനസന്ദർശനം നടത്തിയും സ്പെഷ്യൽ ബ്രാഞ്ച് നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് കൊറോണ ബാധിത മേഖലകളിൽ നിന്ന് എത്തിയവരെ കണ്ടെത്തുന്നത്.

കിട്ടുന്ന വിവരം ഉടൻ കൊറോണ പ്രതിരോധത്തിനായി സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ദിശ കൺട്രോൾ റൂമിലും ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമിലും അറിയിക്കും.

ഒരാളെ നിരീക്ഷണത്തിലാക്കിയത് പൊലീസ്

പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ചവറ സ്വദേശിയെ കണ്ടെത്തിയത് പൊലീസ് സ്പെഷ്യൽ ബ്രാഞ്ചാണ്. ചവറ സ്വദേശി ദിവസങ്ങൾക്ക് മുമ്പേ ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയതാണ്. ഇറ്റലിയിൽ നിന്നെത്തിയ പത്തനംത്തിട്ട സ്വദേശികൾക്കും അവരുമായി ഇടപെട്ട മറ്റ് രണ്ടുപേർക്കും കൊറോണ സ്ഥിരീകരിച്ചതോടെ ചവറയിൽ ഇറ്റലിയിൽ നിന്നെത്തിയയാളുടെ അയൽവാസികൾ പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ പ്രദേശത്തെ സ്പെഷ്യൽ ബ്രാഞ്ച് ഉടൻ തന്നെ ആരോഗ്യവകുപ്പിനെ വിവരമറിയിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കരുനാഗപ്പള്ളി, ശാസ്താംകോട്ട സ്വദേശികളെയും പൊലീസ് ഇടപെട്ട് ഇന്നലെ ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയരാക്കി.

രണ്ടിടത്ത് ഐസൊലേഷൻ വാർഡുകൾ

പാരിപ്പള്ളി മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലുമാണ് ജില്ലയിൽ പ്രത്യേക ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുള്ളത്. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരെയും പാരാ മെഡിക്കൽ സ്റ്റാഫുകളെയുമാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് രോഗം പടരാതിരിക്കാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങളും നൽകിയിട്ടുണ്ട്. മറ്റ് വാർഡുകളിൽ ജോലിക്കും നിയോഗിക്കില്ല.

രോഗലക്ഷണങ്ങൾ തോന്നിയാൽ

രോഗലക്ഷണം തോന്നിയാൽ സംസ്ഥാന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ദിശയുടെയോ ഡി.എം.ഒ ഓഫീസിലും കളക്ടറേറ്റിലും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. തൊട്ടടുത്തുള്ള പി.എച്ച്.സിയിലും ഫോണിൽ ബന്ധപ്പെടാം. ഉടൻ പ്രത്യേക ആംബുലൻസ് എത്തി ജില്ലാ ആശുപത്രിയിലോ പാരിപ്പള്ളി മെഡിക്കൽ കോളേജിലോ എത്തിച്ച് രക്തസാമ്പിളുകൾ പരിശോധിക്കും. രോഗ സൂചനകൾ കണ്ടെത്തിയാൽ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിക്കും. കാര്യമായ പ്രശ്നങ്ങളില്ലെങ്കിൽ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കും.

അഞ്ച് ആംബുലൻസുകൾ

കോറോണ സംശയിക്കുന്നവരെ ആശുപത്രികളിലെത്തിച്ച് പരിശോധിക്കാൻ വേണ്ടി മാത്രം ജില്ലയിൽ അഞ്ച് അംബുലൻസുകൾ ക്രമീകരിച്ചിട്ടുണ്ട്. കളക്ടറേറ്റിൽ രണ്ടും കൊട്ടാരക്കര, കരുനാഗപ്പള്ളി, നെടുങ്ങോലം താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് ഓരോ ആംബുലൻസുകൾ വീതമാണുള്ളത്.