കൊല്ലം: ഗ്രാമത്തിലെ രാത്രിവഴികൾ സ്ത്രീകളുടേതുമാണെന്ന് ഓർമ്മപ്പെടുത്തി വനിതാദിന രാത്രിയിൽ പോരുവഴി സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാലയിലെ വനിതാവേദി പ്രവർത്തകരുടെ രാത്രി നടത്തം. പരസ്‌പരം വർത്തമാനം പറഞ്ഞ്, സൗഹൃദങ്ങൾ പുതുക്കി തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ മുന്നോട്ട് നടന്ന് അവർ തെരുവുകളെ തങ്ങളുടേതുകൂടിയാക്കി. സന്ധ്യമയങ്ങി തുടങ്ങിയതോടെ സ്ത്രീകൾ ഓരോരുത്തരായി ഗ്രന്ഥശാലാ മുറ്റത്തെത്തി. പുസ്‌തകങ്ങളിൽ തുടങ്ങി ട്രംപിന്റെ ഇന്ത്യാ സന്ദർശനം മുതൽ കൊറോണ വരെ അവരുടെ ചർച്ചകളിൽ നിറഞ്ഞു. രാത്രി ഒമ്പത് കഴിഞ്ഞതോടെ രണ്ടുപേർ വീതം തെരുവിലേക്കിറങ്ങി.
സത്യചിത്രയിൽ നിന്ന് സിനിമാപറമ്പിലേക്കുള്ള വഴിയിൽ അവർ നിർഭയം നടന്നു. വഴിവക്കിൽ കൗതുകത്തോടെ നോക്കിയവരെയും വാഹനങ്ങളുടെ വേഗത കുറച്ച് കാര്യം തിരക്കാൻ ശ്രമിച്ചവരെയും അവഗണിച്ച് പകലുകൾ മാത്രമല്ല രാത്രികളും തങ്ങളുടേതാണെന്ന് വനിതകൾ പ്രഖ്യാപിച്ചു. വനിതാ വേദി സെക്രട്ടറി അനീഷ മുജീബ്, പ്രസിഡന്റ് ഇന്ദിര, ഗ്രന്ഥശാലാ പ്രവർത്തക ശശികല, രജനി, ലേഖ തുടങ്ങി മുപ്പതോളം സ്ത്രീകൾ പുതിയൊരു ആത്മാഭിമാനത്തിന്റെ ഉടമകളായാണ് തിരികെ വീട്ടിലേക്ക് മടങ്ങിയത്
രാവിലെ ഗ്രന്ഥശാലാ ഹാളിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി ഉദ്ഘാടനം ചെയ്‌തു. പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ജയ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗം വി. ഗിരിജ ടീച്ചർ, വനിതാവേദി പ്രസിഡന്റ് ഇന്ദിര മുരളി, ശ്രീജ ബിജു, സുചിത്ര മോഹൻ, ലൈബ്രേറിയൻമാരായ എസ്. അനിത, ലതാ സുരേഷ്, ശശികല തുടങ്ങിയവർ പ്രസംഗിച്ചു.