കൊല്ലം: ഭാരത് സ്റ്റേജ് - 4 വാഹനങ്ങൾ ഏപ്രിൽ 1 മുതൽ രാജ്യത്ത് വിൽക്കാനോ രജിസ്ട്രേഷൻ നടത്താനോ കഴിയില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പരിഷ്കാരം. എൻജിനിൽ നിന്ന് പുറന്തള്ളുന്ന പുക ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ തോത് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയതാണ് ഭാരത് സ്റ്റേജ് (ബി.എസ്) മാനദണ്ഡം.
അന്താരാഷ്ട്ര തലത്തിലുള്ള യൂറോ സ്റ്റാൻഡേർഡിന് തുല്യമായ ഇന്ത്യൻ ചട്ടമാണിത്. പെട്രോൾ, ഡീസൽ വാഹനങ്ങൾ പുറന്തള്ളുന്ന പുകയിൽ അടങ്ങിയ കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, ഹൈഡ്രോ കാർബൺ തുടങ്ങിയ വിഷ പദാർത്ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണിത്. അന്തരീക്ഷ മലിനീകരണം തടയാൻ 2000ലാണ് ഭാരത് സ്റ്റേജ് ഇന്ത്യയിൽ ഏർപ്പെടുത്തിയത്. 2010ൽ ബി.എസ് 3, 2017 ഏപ്രിലിൽ ബി.എസ്-4 എന്നീ ചട്ടങ്ങൾ നിലവിൽ വന്നു. ബി.എസ് 3 വാഹനങ്ങളേക്കാൾ 80 ശതമാനം കുറവ് മലിനീകരണം മാത്രമാണ് ബി.എസ്- 4 വാഹനങ്ങൾക്കുള്ളത്. എന്നാൽ മലിനീകരണ തോത് പിന്നെയും കൂടിനിന്നതിനാലാണ് ബി.എസ്-5 മറികടന്ന് ബി.എസ്- 6 നിലവാരത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്.
മാർച്ച് 31ന് മുമ്പ് രജിസ്റ്റർ ചെയ്യണം
പുതിയ വാഹനങ്ങൾ വാങ്ങിയാൽ 30 ദിവസത്തെ താത്കാലിക പെർമിറ്റ് നൽകുന്നുണ്ട്. എന്നാൽ ബി.എസ്-4 വാഹനങ്ങൾ വാങ്ങിയിട്ടുള്ളവർ ഈ താത്കാലിക പെർമിറ്റ് കാലാവധി തീരുന്നത് കാത്തുനിൽക്കാതെ മാർച്ച് 31ന് മുൻപ് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണം. അല്ലാത്തവയ്ക്ക് ഇനി രജിസ്റ്റർ ചെയ്യാൻ കഴിയില്ല. വിൽപ്പന നടക്കാതെ സ്റ്റോക്കുള്ള വാഹനങ്ങളും മാർച്ച് 31ന് ശേഷം വിൽക്കാൻ കഴിയില്ല. ഇത് സംബന്ധിച്ച് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ എല്ലാ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾക്കും സർക്കുലർ നൽകി.
പഴയ വാഹനങ്ങൾക്ക് നിബന്ധന വരും
പതിനഞ്ച് വർഷം കഴിഞ്ഞ ബി.എസ്-4 വാഹനങ്ങൾക്ക് നിലവിൽ രജിസ്ട്രേഷൻ പുതുക്കുന്നതിന് തടസങ്ങളില്ല. എന്നാൽ ഇതിനും ഉടൻ നിബന്ധന വരുമെന്നാണ് സൂചന. ഇതോടെ പഴയ വാഹനങ്ങൾ മിക്കവയും നിരത്തിൽ നിന്ന് മായും.