കൊല്ലം: പ്രാഥമിക പരിശോധനയിൽ കൊറോണ സംശയം തോന്നിയ 9 പേരെ നിരീക്ഷണത്തിന്റെ ഭാഗമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവർക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച വരെ 5 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞത്. ഇന്നലെ നാല് പേരെ കൂടി പ്രവേശിപ്പിക്കുകയായിരുന്നു. 48 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 82 സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 17 എണ്ണത്തിന്റെ ഫലം വരാനുണ്ട്. ഫലം വന്നയാർക്കും രോഗമില്ല.
ടൂറിസ്റ്റുകൾക്കായി ഹോം ഐസൊലേഷൻ
വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ടൂറിസ്റ്റുകൾ തങ്ങുന്ന ഹോം സ്റ്റേകൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ സ്വന്തം നിലയിൽ ക്രമീകരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ടൂറിസ്റ്റുകൾ ഈ വാർഡുകളിൽ 28 ദിവസം നിരീക്ഷണത്തിൽ കഴിയണം. വിദേശികൾ എത്തുമ്പോൾ തന്നെ പാസ്‌പോർട്ട് ശേഖരിച്ച് യാത്രാ പ്ലാൻ വിശദമായി അന്വേഷിച്ച് ചെക്ക് ലിസ്റ്റ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണമെന്നും നിർദേശമുണ്ട്.
ജില്ലയിലെ നിരീക്ഷണം
തീയതി ആകെ നിരീക്ഷണത്തിലുള്ളവർ, വീടുകളിൽ നിരീക്ഷണത്തിലുള്ളവർ, ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ
7 - 30 - 27 - 3
8 - 42 - 37 - 5
9 - 57 - 48 - 9
വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി: കളക്ടർ
ജില്ലയിൽ കെറോണ സംബന്ധിച്ച് പരിഭ്രമിക്കേണ്ടതായ സാഹചര്യമില്ലെന്നും വ്യാജ വാർത്തകൾ സൃഷ്ടിച്ച് പരിഭ്രാന്തി പരത്തുന്നവർക്കെതിരെയും വിദേശികൾ താമസിക്കുന്ന ഹോട്ടലുകൾ, ഹോം സ്റ്റേകൾ, ഹൗസ് ബോട്ടുകൾ തുടങ്ങിയവ പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ തടയുകയോ വിവരങ്ങൾ കൈമാറാൻ വിസമ്മതിക്കുകയാ ചെയ്യുന്നവർക്കെതിരെയും ദുരന്തനിവാരണ നിയമമനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ ബി.അബ്ദുൽ നാസർ പറഞ്ഞു. ജില്ലാതല ദുരന്തനിവാരണ അവലോകനയോഗത്തിൽ ജില്ലയിലെ കോവിഡ് 19 സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
പുതിയ ഐസൊലേഷൻ വാർഡുകൾ
പാരിപ്പള്ളി മെഡിക്കൽ കോളജിൽ രോഗലക്ഷണം സ്ഥിരീകരിച്ചവർക്കായുള്ള ഐസെലേഷൻ വാർഡിൽ 36 കിടക്കകളുണ്ട്. ജില്ലാ ആശുപത്രിയിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിലും 30 വീതം കിടക്കകളും പുനലൂർ താലൂക്ക് ആശുപത്രി, എൻ.എസ് ആശുപത്രി, അസീസിയ മെഡിക്കൽ കോളേജ്, മെഡിസിറ്റി എന്നിവിടങ്ങളിൽ 25 കിടക്കകൾ വീതവും സജ്ജമാക്കും. ദേശീയ ആരോഗ്യ ദൗത്യം വഴി ആരോഗ്യ പ്രവർത്തകർക്കും എം.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും പ്രത്യേക പരിശീലനം നൽകും. എൻ.എച്ച്.എം നിയമന ലിസ്റ്റിലുള്ള 50 താത്കാലിക സ്റ്റാഫ് നഴ്‌സുമാരുടെ സേവനവും ലഭ്യമാക്കും.
പുതിയകാവ് പൊങ്കാല സ്ഥലത്ത് ആരോഗ്യ സന്ദേശങ്ങൾ പതിച്ച തൊപ്പികൾ
ഐ.ആർ.ഇയിലും കെ.എം.എം.എല്ലിലും പഞ്ചിംഗ് നിറുത്തലാക്കി
മാസ്കുകൾക്ക് ക്രിതൃമമായി വിലകൂട്ടിയാൽ നടപടി
കൊറോണ സംശയ നിവാരണത്തിന്
8589015556, 04742797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ)
ശ്രദ്ധിക്കാൻ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മുഖവും മറയ്ക്കണം.
സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം. രോഗീ സന്ദർശനങ്ങൾ ഒഴിവാക്കണം