kudi
പുനലൂർ നഗരസഭയിലെ മേലെ പ്ലാച്ചേരിയിലെ പാതയോരത്ത് താമസിക്കുന്നവർക്ക് രാത്രിയിൽ ലോറിയിൽ എത്തിച്ച കുടിവെള്ളം നൽകുന്നു

പുനലൂർ: വേനൽച്ചൂടിൽ പൊള്ളുന്ന പുനലൂരിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിലാണ് പ്രതിസന്ധി ഏറെ രൂക്ഷമാകുന്നത്. 37.8 ഡിഗ്രി ചൂടാണ് ഇന്നലെ പുനലൂരിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. ഇതോടൊപ്പം വേനൽമഴ കനിയാത്തതുമാണ് പലസ്ഥലത്തും കുടിവെള്ളം കിട്ടാക്കനിയാക്കുന്നത്.

നഗരസഭയിലെ ഐക്കരക്കോണം, കക്കോട്, പ്ലാച്ചേരി, കല്ലുമല, കേളൻകാവ്, പരവട്ടം ഗ്രേസിംഗ് ബ്ലോക്ക്, തുമ്പോട്, ചെമ്മന്തൂർ തുടങ്ങിയ വാർഡുകളിലാണ് തുള്ളിവെള്ളമില്ലാതെ ജനം പരക്കം പായുന്നത്.

ഉയർന്ന പ്രദേശങ്ങളിലെ കിണറുകളിൽ ഏറെയും വരണ്ട് തുടങ്ങി. നഗരസഭയുടെ നിയന്ത്രണത്തിൽ ടാങ്കറുകളിൽ കുടിവെളളം വിതരണം ചെയ്യുന്നെങ്കിലും ആവശ്യങ്ങൾക്ക് ഇത് പര്യാപ്തമല്ല. പല സ്ഥലങ്ങളിലും രാത്രി വൈകിയും വീട്ടമ്മമാർ ഒഴിഞ്ഞ കുടങ്ങളുമായി കാത്തിരിക്കുകയാണ്. വാഹനങ്ങളുടെ കുറവാണ് ജലവിതരണത്തിന് തടസമാകുന്നതെന്നാണ് അധികൃതർ പറയുന്നത്.

കഴിഞ്ഞ വർഷം 40 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെട്ട പുനലൂരിൽ 50ൽ അധികംപേർക്ക് സൂര്യാഘാതം ഏറ്റിരുന്നു. ചൂട് കനക്കുന്നതിനാൽ ഇത്തവണയും ജനം ഭീതിയിലാണ്. നിലവിൽ വെയിലുറച്ച് കഴിഞ്ഞാൽ വിജനമാകുന്ന ടൗൺ വൈകിട്ട് 4.30ന് ശേഷമാണ് സജീവമാകുന്നത്.

പുനലൂരിന് പുറമെ സമീപത്തെ തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്തുകളിലും കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്.

കഴുതുരുട്ടി ആറും വറ്റിവരണ്ടു

ആര്യങ്കാവ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന കഴുതുരുട്ടി ആറും വരണ്ടതോടെ സമീപവാസികൾ കടുത്ത ആശങ്കയിലാണ്. ഇവർ കുളിക്കുന്നതും തുണി കഴുകുന്നതും ആറ്റിലാണ്. ഇവിടെ വരൾച്ച രൂക്ഷമായതോടെ സമീപത്തെ വിടുകളിലെ കിണറുകളിലും ജലനിരപ്പ് താണു. നിലവിൽ കഴുതുരുട്ടി ആറ്റിൽ കുളം കുഴിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഇവിടെ കുടിവെളള വിതരണം ആരംഭിക്കാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.

ആശ്രയമായി കെ.ഐ.പി കനാൽ

കല്ലട ഇറിഗേഷന്റെ ഒറ്റക്കൽ ലുക്കൗട്ട് തടയണയിൽ നിന്നാരംഭിക്കുന്ന ഇടത്, വലതുകര കനാലുകൾ വഴി വേനൽക്കാല ജലവിതരണം ആരംഭിച്ചത് ഇതിന്റെ സമീപവാസികൾക്ക് ആശ്വാസമായി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വേനൽക്കാല കൃഷിയെ ലക്ഷ്യമിട്ടാണ് രണ്ട് കനാലുകൾ വഴി കെ.ഐ.പി ജലവിതരണം നടത്തുന്നത്. എന്നാൽ നാട്ടിൻപുറങ്ങളിലൂടെ കടന്നുപോകുന്ന ചില സബ് കനാലുകൾ വഴിയുള്ള ജലവിതരണം ആരംഭിക്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.