bank-
ബാങ്ക് ഒഫ് ഇന്ത്യ അധികൃതർ വീട്ടിലെത്തി ഭാഗീരഥിഅമ്മയ്ക്ക് ആധാർ കാർഡ് കൈമാറുന്നു

കൊല്ലം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പ്രാക്കുളത്തെ ഭാഗീരഥിഅമ്മയ്‌ക്ക് വനിതാ ദിനത്തിൽ ആധാർ കാർഡ് ലഭിച്ചു. ആധാർ നടപടികൾ പൂർത്തിയാക്കിയ ബാങ്ക് ഒഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ ചുമതലയുള്ള സോണൽ മാനേജർ മഹേഷ് കുമാർ, കാവനാട് ശാഖാ മാനേജർ സുധാ അലോഷ്യസ് എന്നിവർ വീട്ടിലെത്തിയാണ് കാർഡ് കൈമാറിയത്.

ആധാർ കാർഡ് ഇല്ലാത്തതിനാൽ ഭാഗീരഥിഅമ്മയ്‌ക്ക് വാർദ്ധക്യ പെൻഷൻ നിഷേധിച്ചിരുന്നു. 105-ാം വയസിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചതിന് പ്രധാനമന്ത്രിയുടെയും രാജ്യത്തിന്റെയും പ്രശംസ ലഭിച്ചിട്ടും ആധാർ കിട്ടാത്തതിന്റെ സങ്കടത്തിലായിരുന്നു അമ്മ. ആധാർ എടുക്കാൻ പല തവണ ശ്രമിച്ചെങ്കിലും കൈമുദ്ര പതിയാത്തതിനാൽ നടപടികൾ പൂർത്തിയായില്ല. വിവരമറിഞ്ഞ് ഇടപെട്ട ബാങ്ക് ഒഫ് ഇന്ത്യ നീറമൺകര ബ്രാഞ്ചാണ് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) അംഗീകാരത്തോടെ അമ്മയ്‌ക്ക് ആധാർ കാർഡ് ലഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. അനാരോഗ്യം കാരണം രാഷ്ട്രപതി ഭവനിലെത്തി നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങാൻ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല.

''

പെൻഷൻ ആശ്വാസം നൽകും. ആധാർ ലഭിക്കാൻ ഇടപെട്ട ബാങ്ക് ഒഫ് ഇന്ത്യയോട് നന്ദി. ആധാർ ഇല്ലെന്ന പേരിൽ പെൻഷൻ ലഭിക്കാത്ത 85 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ആധാർ ഇല്ലാതെ തന്നെ പെൻഷൻ നൽകണം.

-ഭാഗീരഥി അമ്മ

ഫോട്ടോ.....ബാങ്ക് ഒഫ് ഇന്ത്യ അധികൃതർ ഭാഗീരഥി അമ്മയുടെ വീട്ടിലെത്തി ആധാർ കാർഡ് കൈമാറുന്നു