acp
പഠനത്തോടൊപ്പം വരുമാനവും ശില്പശാലയുമായി മൃഗസംരക്ഷണ വകുപ്പ്

കൊല്ലം: പഠനത്തോടൊപ്പം വരുമാനവും നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ശില്പശാലയ്ക്ക് മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് അരുമകളിൽ നിന്ന് വരുമാനം എന്ന ഏകദിന പരിശീലനവും ശില്പശാലയും സംഘടപ്പിച്ചത്.

കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ നടത്തിയ ശില്പശാല പൊലീസ് അസി. കമ്മിഷണർ എ.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ചിന്തകൾ വലുതാക്കി വനിതകൾ വളർന്നാലേ സമൂഹത്തിൽ ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയുകയുള്ളൂ. ചെറിയ വഴക്കുകളാണ് പല കുടുംബങ്ങളെയും ശിഥിലമാക്കുന്നത്. ചിന്താ ദാരിദ്ര്യം പരിഹരിക്കാൻ നല്ല പുസ്തകങ്ങൾ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മക്കാവ് തത്തകൾ, കൊനൂർ തത്തകൾ, ലോറികൾ പാരക്കീറ്റുകൾ, ആഫ്രിക്കൻ ചാരത്തത്തകൾ എന്നിവയുടെ പ്രദർശനവും പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു.
പ്രിൻസിപ്പൽ ഡോ.കെ.അനിരുദ്ധൻ അദ്ധ്യക്ഷനായി. മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ.ഡി.ഷൈൻകുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.കെ.കെ.തോമസ്, ഡോ.ബി.അജിത്ത് ബാബു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.പ്രദീപ്, ദേവിപ്രിയ എന്നിവർ സംസാരിച്ചു. പങ്കെടുത്ത നൂറോളം വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രം നൽകി.