കൊല്ലം: ചവറ എം.എൽ.എ എൻ. വിജയൻപിള്ളയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മടപ്പള്ളി വിജയശ്രീയിൽ സംസ്‌കരിച്ചു. ഞായറാഴ്‌ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച വിജയൻപിള്ളയ്ക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങളാണ് വിജയശ്രീയിലേക്ക് എത്തിയത്. സി.പി.എം ചവറ ഏരിയാ കമ്മിറ്റി ഓഫീസ്, തട്ടാശേരിയിലെ എം.എൽ.എ ഓഫീസ്, ചവറ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി ഞായറാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ് വീട്ടിലെത്തിച്ചത്.
ചവറ ഗ്രാമപഞ്ചായത്തംഗം, ജില്ലാ പഞ്ചായത്തംഗം, നിയമസഭാംഗം എന്നീ നിലകളിൽ മൂന്ന് പതിറ്റാണ്ടോളം അദ്ദേഹം ചവറയെ പ്രതിനിധീകരിച്ചു. ഇന്നലെ രാവിലെ 11ഓടെ മക്കളും ഉറ്റ ബന്ധുക്കളും ചേർന്ന് സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച വൈകിട്ട് വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിഅമ്മ, കെ.രാജു, കടന്നപ്പള്ളി രാമചന്ദ്രൻ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ. സോമപ്രസാദ്, എം.എൽ.എമാരായ ആർ. രാമചന്ദ്രൻ, എം. നൗഷാദ്, കോവൂർ കുഞ്ഞുമോൻ, വിവിധ കക്ഷി നേതാക്കളായ ഷിബു ബേബിജോൺ, കെ.എൻ. ബാലഗോപാൽ, ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സി.കെ. നാണു, ജില്ലാ പ്രസിഡന്റ് കെ.എൻ. മോഹൻലാൽ, കേരള കോൺഗ്രസ് (ജേക്കബ്) വർക്കിംഗ് പ്രസിഡന്റ് വാക്കനാട് രാധാകൃഷ്‌ണൻ തുടങ്ങി നേതാക്കളും സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷിയായി.