km

കടയ്ക്കൽ: ഇട്ടിവ വയ്യാനത്ത് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം വിമുക്തഭടൻ ആത്മഹത്യ ചെയ്തത് ഇവരോടുള്ള കടുത്ത ശത്രുത കാരണം. ഞായറാഴ്ചയാണ് വയ്യാനം പുലിയംകോണത്ത് വീട്ടിൽ വസന്തകുമാരി (52), മകൻ സുധേഷ് (26) എന്നിവരെ ഭർത്താവ് സുദർശനൻ (57) കൊന്നശേഷം ആത്മഹത്യ ചെയ്തത്. വീട്ടുകാരെ പുറത്തുകാണാത്തതിനെ തുടർന്ന് അയൽക്കാർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടുകാരും സുദർശനനും തമ്മിൽ കുറേക്കാലമായി കടുത്ത ശത്രുതയിലായിരുന്നെന്നും ഇവർ തമ്മിലുള്ള വാക്കുതർക്കം പതിവ് സംഭവമായിരുന്നെന്നും നാട്ടുകാർ പറയുന്നു. അടുത്തിടെ വളർത്തു മൃഗങ്ങൾക്ക് തീറ്റകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യയുമായി സുദർശനൻ വഴക്കിടുകയും അവരെ മർദ്ദിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച മകനെ വീട്ടിൽ നിന്ന് പുറത്താക്കിയ ശേഷം മകൻ കിടന്നിരുന്ന കട്ടിലും പുസ്തകങ്ങളും തുണികളുമെല്ലാം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അടുത്തുള്ള കുടുംബവീട്ടിലാണ് അന്ന് മകൻ അഭയംതേടിയത്. അഭിഭാഷകനായ മകൻ മൂന്ന് മാസം മുമ്പ് കോടതിയെ സമീപിക്കുകയും വീട്ടിൽ താമസിക്കുന്നതിന് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇയാൾ തിരികെ എത്തിയതിനെച്ചൊല്ലിയും നിരന്തരം വഴക്ക് ഉണ്ടായിരുന്നു. അമ്മയെ മർദ്ദിക്കുന്നത് മകൻ വിലക്കിയതും ശത്രുത വർദ്ധിക്കാൻ കാരണമായി. ഇക്കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. വസന്തയുടെയും മകന്റെയും തല തകർത്ത നിലയിലായതിനാൽ ഇരുവരെയും അടിച്ചുകൊലപ്പെടുത്തിയ ശേഷം സുദർശനൻ ആത്മഹത്യ ചെയ്തതാവാം എന്ന നിഗമനത്തിലാണ് പൊലീസ്. അടിക്കാനുപയോഗിച്ചെന്ന് കരുതുന്ന നിലം തല്ലി പരിസരത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴുത്തിൽ ഷാൾ പോലുള്ള തുണി ചുറ്റിവലിച്ച നിലയിലുമായിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, കടയ്ക്കൽ എസ്.എച്ച്.ഒ എം. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ, ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.