sslc

 232 പരീക്ഷാ കേന്ദ്രങ്ങൾ

കൊല്ലം: ജില്ലയിൽ 30,450 കുട്ടികൾ ഇന്ന് എസ്.എസ്.എൽ.സി പരീക്ഷാ ഹാളിലേക്ക്. രാവിലെ 9.45ന് ജില്ലയിലെ 232 കേന്ദ്രങ്ങളിലും പരീക്ഷ ആരംഭിക്കും. 26ന് പരീക്ഷ സമാപിക്കും. പട്ടത്താനം വിമല ഹൃദയ സ്‌കൂളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്. 10 ട്രഷറികളിലും 10 ദേശസാൽകൃത ബാങ്കുകളിലുമായാണ് ചോദ്യപേപ്പർ ബാഗുകൾ സൂക്ഷിച്ചിട്ടുള്ളത്.

ഓരോ പരീക്ഷാ ദിവസവും രാവിലെ ആറ് മുതൽ സായുധ പൊലീസിന്റെ അകമ്പടിയോടെ കവചിത വാഹനത്തിൽ ഇവ വിതരണം ചെയ്യും. പരീക്ഷാ നടത്തിപ്പിനായി 232 ചീഫ് സൂപ്രണ്ടുമാരെയും 237 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 2,130 ഇൻവിജിലേറ്റർമാരെയും നിയോഗിച്ചു.

വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവരടങ്ങുന്ന ഏഴ് പരീക്ഷാ പരിശോധന സ്‌ക്വാഡുകളും രൂപീകരിച്ചു. പരീക്ഷയ്‌ക്ക് ശേഷം അതേ ദിവസം തന്നെ ഉത്തരക്കടലാസുകൾ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലേക്ക് ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടുമാർ അയയ്‌ക്കും.