rdo

പുനലൂർ: റാന്നിയിൽ നിന്നുള്ള കൊറോണ ബാധിതർ പുനലൂരിന് സമീപം മണിയാറ്റിലെ ബന്ധുവീട് സന്ദർശിച്ചതിനെ തുടർന്ന് ബന്ധുക്കളായ അഞ്ചുപേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയതോടെ സ്ഥിതിഗതികൾ വിലയിരുത്താൻ പുനലൂരിൽ സംയുക്ത യോഗം ചേർന്നു. പുനലൂർ ആർ.ഡി.ഒ ബി.ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യ വകുപ്പ്, പൊലീസ്, റവന്യൂ, ഹെൽത്ത്, നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ പുനലൂർ തലൂക്ക് ഓഫീസിലാണ് യോഗം ചേർന്നത്.

മണിയാറിലെ ബന്ധുക്കളായ അഞ്ചുപേരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതായി ആർ.ഡി.ഒ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇവരെ നിരീക്ഷിച്ച് വരികയാണെന്ന് പുനലൂർ ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഇവരുടെ പരിശോധനാ ഫലം ഉടൻ ലഭിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു റാന്നി സ്വദേശികളും രോഗബാധിതരുമായ മൂന്നുപേർ പുനലൂരിന് സമീപത്തെ മണിയാറിലെ ബന്ധുവീട്ടിൽ എത്തിയത്. ഇവർ ബന്ധുക്കളായ ഒരു കുട്ടിയടക്കം മൂന്നുപേരുമായി രണ്ടര മണിക്കൂർ വീടിനുള്ളിൽ ചെലവഴിച്ചു. ഇതിനിടെ സമീപവാസികളായ രണ്ടുപേർ ഇവരെ കാണാനെത്തി. ഞായറാഴ്ച ജില്ലാ കളക്ടർ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ അഞ്ചുപേരും കണ്ടെത്തിയത്.

നഗരസഭാ ആക്ടിംഗ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, തഹസീൽദാർ ജി.നിർമ്മൽകുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ, എൽ-ആർ. തഹസീൽദാർ ആർ.എസ്.ബിജുരാജ്, പുനലൂർ സി.ഐ ബിനു വർഗീസ്, നഗരസഭാ കൗൺസിലർമാരായ കെ.എ.ലത്തീഫ്, വി.ഓമനക്കുട്ടൻ, സുഭാഷ്.ജി.നാഥ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

മാസ്കിന് അമിതവില

പുനലൂരിലും സമീപ പ്രദേശങ്ങളിലെയും മെഡിക്കൽ സ്റ്റോറുകളിൽ മാസ്കുകൾക്ക് അമിത വില ഈടാക്കുന്നതായി പരാതി. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി.