photo
പെരുമ്പുഴ കോയിക്കൽ ക്ഷേത്രത്തിന് സമീപം അനധികൃതമായി പ്രവർത്തിച്ചുവന്ന സ്വകാര്യ ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ

കുണ്ടറ: പെരുമ്പുഴ കോയിക്കൽ ക്ഷേത്രത്തിന് സമീപം അനധികൃതമായി പ്രവർത്തിച്ചുവന്ന സ്വകാര്യ ഗ്യാസ് ഏജൻസിയുടെ ഗോഡൗൺ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയ്ക്കൊടുവിൽ സീൽ ചെയ്തു. നിയമ വിരുദ്ധമായി സിലിൻഡറുകൾ സൂക്ഷിക്കുകയും വിതരണം ചെയ്തതിനും നടത്തിപ്പുകാരനായ പെരുമ്പുഴ സ്വദേശിക്കെതിരെ കേസെടുത്തു. 35 ഗ്യാസ് സിലിണ്ടറുകൾ ഇവിടെ നിന്ന് പിടിച്ചെടുത്തു.

ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ഗ്യാസ് ഏജൻസിയുടെ സമാന്തര ഗ്യാസ് ഏജൻസിയായി 2015 മുതൽ സ്ഥാപനം അനധികൃതമായി പ്രവർത്തിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ലൈസൻസോ രേഖകളോ ഇല്ലാതെയാണ് അപകടകരമായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളില്ലാതെ ഗ്യാസ് ഏജൻസി പ്രവർത്തിച്ചിരുന്നത്.

ജനവാസ കേന്ദ്രമായതിനാൽ വലിയ അപകടസാധ്യതയാണ് നിലനിന്നിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണികൃഷ്ണൻ, കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസർ എസ്.എ. സെയ്ഫ്, റേഷനിംഗ് ഇൻസ്‌പെക്‌ടർമാരായ സാഫില ബീഗം, ശ്രീലേഖ, ഹുസൈൻ, അനിയൻ, ഗോപകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.