photo
അജിത് കുമാർ

കൊട്ടാരക്കര: മനസിൽ കനിവിന്റെ ഉറവ വറ്റീടാത്തവർ ഈ കണ്ണീർക്കഥയൊന്ന് കേൾക്കണം!. അപ്രതീക്ഷിതമായി കടന്നെത്തിയ രോഗം നിർദ്ധന യുവാവിനെ തളർത്തിയപ്പോൾ പ്രതീക്ഷകളറ്റുപോയത് ഒരു കുടുംബത്തിന്റെ താങ്ങും തണലുമാണ്. കൊട്ടാരക്കര കോട്ടാത്തല പത്തടി അജിഭവനത്തിൽ വിദ്യാധരന്റെയും പത്മിനിയുടെയും മകൻ അജിത്ത് കുമാറാണ് (36) രോഗത്തോട് മല്ലടിച്ച് വീർപ്പുമുട്ടുന്നത്.

ടാങ്കർ ലോറി ക്ളീനറായിരുന്ന അജിത്ത് കുമാർ അച്ഛന്റെ മരണത്തോടെ കുടുംബഭാരം ഏറ്റെടുത്തതായിരുന്നു. രണ്ടര മാസം മുൻപ് അപ്രതീക്ഷിതമായി അജിത്ത് തളർന്നുവീണതോടെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ് സ്ട്രോക്ക് വന്നതും തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടിയതുമൊക്കെ വ്യക്തമായത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. മൂക്കിലൂടെ ട്യൂബിട്ട് ദ്രാവക രൂപത്തിലാണ് ആഹാരം നൽകുന്നത്. ഇതിനിടെ അജിത്തിന്റെ ചികിത്സയ്ക്കായി ഓടിനടന്ന അമ്മ പത്മിയെ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ വച്ച് വാഹനം ഇടിച്ചു. ഗുരുതര പരിക്കേറ്റ പത്മി ഇതുവരെ ആശുപത്രി വിട്ടിട്ടില്ല. നോക്കാൻ ആളില്ലാതെ വന്നതോടെ ബന്ധുവീട്ടിലേക്ക് അജിത്തിനെ മാറ്റിയിരിക്കുകയാണ്. ഇതുവരെ ചികിത്സയ്ക്ക് ലക്ഷങ്ങൾ ചെലവായി. ദാരിദ്ര്യത്തിൽ വീർപ്പ് മുട്ടിയിരുന്ന കുടുംബം ഇപ്പോൾ കടബാദ്ധ്യതകൾക്ക് നടുവിലായി. ഫിസിയോ തെറാപ്പി കൃത്യമായി നടത്താനും സാമ്പത്തിക പരാധീനത തടസമാവുന്നു. തുടർ ചികിത്സയ്ക്കും മുന്നോട്ടുള്ള ജീവിതത്തിനും സുമനസുകളുടെ സഹായം തേടുകയാണ് നിർദ്ധന യുവാവ്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ വെട്ടിക്കവല ബ്രാഞ്ചിൽ സഹോദരി പി.സി.അജിതയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 115501000050469. ഐ.എഫ്.എസ്.സി കോഡ്: ഐ.ഒ.ബി 001155. ഫോൺ: 9288165732, 8848968054.