മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പരവൂർ: കലയ്ക്കോട് കന്യാമഠം ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാക്കൾ അഴിച്ചുവിട്ട ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്സവത്തിന്റെ ഭാഗമായി ദീപക്കാഴ്ച ഒരുക്കിയ ആൽത്തറമൂട് പൗരസമിതിയുടെ ഭാരവാഹികളായ കലയ്‌ക്കോട് സ്വദേശികളായ കിണറ്റുവിളാകം വീട്ടിൽ അനീഷ് (32), മനു വിലാസത്തിൽ മനു (29), തുണ്ടിൽ വടക്കതിൽ ബിച്ചു (22) എന്നിവർക്കാണ് പരിക്കേറ്റത്.
ആക്രമണവുമായി ബന്ധപ്പെട്ട് കലയ്‌ക്കോട് സ്വദേശികളായ വികാസ്, കൈലാസ്, അരുൺ, വിപിൻ, നന്ദു, ഗോകുൽ, ഉണ്ണി (വയലുണ്ണി) എന്നിവർക്കെതിരെ പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ഉത്സവം കാണാനെത്തിയവരെയാകെ നടുക്കിയ ആക്രമണം നടന്നത്. ഇരുമ്പ് വടി, മരക്കഷ്ണം എന്നിവ ഉപയോഗിച്ചാണ് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ അനീഷിന്റെ ഇരുകൈകളുടെയും കുഴ തെറ്റിമാറി. ബിച്ചുവിന്റെ തലയ്ക്ക് പൊട്ടലും മനുവിന്റെ ചെവിക്ക് മുറിവും ഉണ്ട്. പരിക്കേറ്റവരെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടന്നതോടെ ഉത്സവത്തിനെത്തിയവർ നാലുപാടും ചിതറിയോടി. പൂർവ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. ആക്രമത്തിന് ശേഷം പ്രതികൾ സ്ഥലത്തുണ്ടായിരുന്നവരെയും യാത്രക്കാരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി നാട്ടുകാർ പറയുന്നു.
സംഭവ സ്ഥലം സന്ദർശിച്ച പൊലീസ് സംഘം ആക്രമണത്തിന് ഉപയോഗിച്ച മാരകായുധങ്ങൾ കണ്ടെടുത്തു. പ്രതികൾ ഒളിവിലാണെന്നും എത്രയും വേഗം പിടികൂടുമെന്നും പരവൂർ എസ്.ഐ ജയകുമാർ പറഞ്ഞു.