പത്തനാപുരം: ഉൾവനത്തിൽ അലഞ്ഞുനടന്ന അജ്ഞാത യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി ഗാന്ധിഭവനിൽ എത്തിച്ചു. കോന്നി വനം ഡിവിഷനിൽ കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിരത്തുപാറയിലാണ് മാനസിക വൈകല്യമുള്ള യുവാവിനെ ആദിവാസി വാച്ചർമാർ കണ്ടെത്തിയത്. ഉദ്ദേശം 35 വയസ് തോന്നിക്കും. വിവരം അറിഞ്ഞ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ.ഷാജിയുടെ നേതൃത്വത്തിൽ വനം ഉദ്യോഗസ്ഥർ എത്തിയാണ് ഗാന്ധിഭവനിൽ എത്തിച്ചത്. വന്യജീവികൾക്കിടയിൽ നിന്നാണ് ഇയാളെ മോചിപ്പിച്ചതെന്നും സമീപത്ത് കാട്ടുപോത്തുകൾ നിലയുറപ്പിച്ചിരുന്നതായും ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അരുൺകുമാർ, അജീഷ്.എം, ഷിനോസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യുവാവിനെ ഗാന്ധിഭവൻ ഏറ്റെടുത്തത്.