കൊട്ടാരക്കര: കൊട്ടാരക്കര പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കാനായി പുലമൺ കവലയിൽ മേൽപ്പാലം നിർമ്മിക്കാനുള്ള സാദ്ധ്യത തെളിഞ്ഞു. 59 കോടി 75 ലക്ഷം രൂപയുടെ പാലം നിർമ്മാണത്തിന് ഏപ്രിലിൽ ഭരണാനുമതി നൽകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതോടെയാണ് പാലം യാഥാർത്ഥ്യമാകുമെന്നതിന് വ്യക്തത കൈവന്നത്.
കൊല്ലം-തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന സ്ഥലമാണ് പുലമൺ ജംഗ്ഷൻ. ഇവിടെ കാലങ്ങളായി തുടരുന്ന ഗതാഗത പ്രശ്നങ്ങൾക്കാണ് പുതിയ പാലമെത്തുന്നതോടെ പരിഹാരമാവുക. വാഹനങ്ങൾ പെരുകിയതിന് അനുസരിച്ച് റോഡിന്റെ വീതി കൂടിയിരുന്നില്ല. പുതിയ പാലം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന ശ്രുതി പടർന്നതിനാൽ കച്ചവടക്കാരിൽ ഒരു വിഭാഗം എതിർപ്പും അറിയിച്ചിരുന്നു. എന്നാൽ അതിനൊക്കെ പരിഹാരമെന്ന നിലയിലാണ് പുതിയ പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പാലം യാഥാർത്ഥ്യമാകുന്നതോടെ പട്ടണത്തിന്റെ വികസനത്തിൽ അത് മുഖ്യ പങ്ക് വഹിക്കും.
ഭൂമി ഏറ്റെടുക്കേണ്ടതില്ല
പുലമൺ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കാനായി ആദ്യം 20 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. 4 കോടി രൂപ ടോക്കൺ അഡ്വാൻസും നൽകിയിരുന്നു. ഈ എസ്റ്റിമേറ്റ് പ്രകാരം റോഡിന്റെ ഇരുവശത്തെയും ഭൂമി ഏറ്റെടുക്കേണ്ടി വരുമായിരുന്നു. ചില്ലറ തർക്കങ്ങൾ നിലനിൽക്കെ പി. ഐഷാപോറ്റി എം.എൽ.എ ഇടപെട്ട് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിച്ചു. ലോഹ മേൽപ്പാലത്തിന് പകരം കോൺക്രീറ്റ് പാലമെന്ന നിലയിലേക്ക് മാറുകയും ചെയ്തു. പുതിയ എസ്റ്റിമേറ്റ് പ്രകാരം ഭൂമി ഏറ്റെടുക്കേണ്ടി വരികയില്ല. എന്നാൽ തുക 59.75 കോടി രൂപയായി ഉയർന്നു.
ഭൂഗർഭ അറകളും
750 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ള പാലമാണ് പുലമൺ കവലയിൽ നിർമ്മിക്കുക. ഒരുകിലോമീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡും ഉണ്ടാകും. തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡിൽ 2.5 മീറ്റർ വീതിയിലും അടൂർ ഭാഗത്തേക്ക് 1.5 മീറ്റർ വീതിയിലും ഫുട്പാത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. 30 മീറ്റർ അകലത്തിൽ 25 തൂണുകൾ ഉൾക്കൊള്ളുന്ന കോൺക്രീറ്റ് പാലമാണ് നിർമ്മിക്കുക. ഭൂഗർഭ അറകളിൽ വൈദ്യുതി കേബിളുകളും ജല അതോറിറ്റിയുടെ പൈപ്പുകളും മാറ്റി സ്ഥാപിക്കും. ഇതിന് പ്രത്യേക ഭൂഗർഭ അറകളൊരുക്കും. പാലത്തിൽ വഴിവിളക്കുകളും സ്ഥാപിക്കും.