പത്തനാപുരം: കാഴ്ചക്കാരുടെ മനസിനെ കുളിരണിയിച്ച് തൃക്കൊന്നമർകോട് ദേവിയുടെ തിരുസന്നിധിയിൽ തലവൂർ പൂരം ആഘോഷമായി. ആനപ്രേമികളുടെ മനം കവർന്ന് നവഗജരത്നങ്ങളും അണിനിരന്നതോടോടെ തെക്കിന്റെ പകൽപ്പൂരം ആവേശത്തിലാറാടി. നടുത്തേരി 179ാം നമ്പർ കരയോഗത്തിൽ നിന്ന് വൈകിട്ട് മൂന്നോടെ ആരംഭിച്ച ഘോഷയാത്ര ക്ഷേത്രാങ്കണത്തിലെത്തിയപ്പോൾ തിങ്കൾക്കല രാത്രിയെ അലങ്കരിച്ചിരുന്നു.
ആലവെട്ടങ്ങളും വെൺചാമരങ്ങളും വർണക്കുടകളും പുരാണ വേഷങ്ങളും ഉത്സവ ഫ്ളോട്ടുകളും ഒന്നിച്ചപ്പോൾ നയനമനോഹര കാഴ്ചയാണ് പൂരം ഘോഷയാത്ര സമ്മാനിച്ചത്. അഞ്ഞൂറിൽപ്പരം കലാകാരന്മാർ അണിനിരന്ന വാദ്യമേളങ്ങൾ ഘോഷയാത്രയിലുടനീളവും തലവൂർ ക്ഷേത്ര സന്നിധിയിലും നാദ വിസ്മയമൊരുക്കി. യുവത്വത്തിന്റെ ആവേശം ചോരാതെയുള്ള അടയ്ക്കാമരമെടുപ്പും ഘോഷയാത്രയിൽ അണിനിരന്ന വിവിധ നിശ്ചല ദൃശ്യങ്ങളും കാണികൾക്ക് മനോഹര കാഴ്ചകളാണ് സമ്മാനിച്ചത്. കേരളത്തിലറിയപ്പെടുന്ന ഗജകേസരികളെ കാണനായി ആയിരക്കണക്കിന് ആനപ്രേമികളും എത്തിയതോടെ ഉച്ചയോടെ തന്നെ തെക്കൻപൂര നഗരി ജനസാഗരമായി മാറി.
ഉത്സവഘോഷയാത്ര മേലേപ്പുര കരയോഗ മന്ദിരം, നടുത്തേരി ജംഗ്ഷൻ, നടുത്തേരി ഗവ സ്കൂൾ, രണ്ടാലുംമൂട് ശ്രീനാഗരാജ ക്ഷേത്രം വഴി രാത്രി എട്ടോടെ തൃക്കൊന്നമർകോട് ദേവീ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. പൂരം നാളായ ഇന്നലെ രാവിലെ മുതൽക്കേ വലിയ ഭക്തജനത്തിരക്കായിരുന്നു ക്ഷേത്രസന്നിധിയിൽ അനുഭവപ്പെട്ടത്.
ഇന്ന് വൈകിട്ട് 5ന് എഴുന്നള്ളത്ത്, രാത്രി 10ന് പള്ളിവേട്ട. സമാപന ദിവസമായ നാളെ രാവിലെ 9ന് കൊടിയിറക്ക്, ആറാട്ട്, ഉച്ചയ്ക്ക് 12ന് ആറാട്ടു സദ്യ എന്നിവ നടക്കും.