sree
ശ്രീനാരായണ വനിതാ കോളേജ്

അത്രമേൽ പ്രണയാർദ്രമായ ശ്രീനാരായണ വനിതാ കോളേജിനെ ഒരിക്കലെങ്കിലും നോക്കാതെ ഇതുവഴി ആരും കടന്നുപോയിട്ടുണ്ടാവില്ല. മധുര പതിനേഴാണ് എന്നും കാമ്പസിന്.

ഓർമ്മകൾക്ക് മധുരമേകുന്ന നെല്ലിമരങ്ങൾ, പ്രണയത്തിന്റെ വേദനയും സന്തോഷവും കൂട്ടുകാരികളോട് പറഞ്ഞ സ്റ്റോൺ ബെഞ്ചുകൾ,

പ്രണയിനിയെ കാണാൻ വരുന്ന എസ്.എൻ കോളേജിലെ പ്രിയപ്പെട്ടവന് വേണ്ടി ഒത്തുകൂടുന്ന ജോഗ്രഫി വകുപ്പിന്റെ ചുറ്റുവട്ടങ്ങൾ, നിന്നോട് പറയാൻ ഇനിയുമെന്തൊക്കെയോ ബാക്കി കിടക്കുന്നുവെന്ന് കരഞ്ഞും ചിരിച്ചും പറയുന്ന ഓഡിറ്റോറിയം, കവിതയും കഥയും വായിക്കാനും ചർച്ച ചെയ്യാനും കാമ്പസ് ബുദ്ധിജീവികൾ ഒത്തുകൂടുന്ന ലൈബ്രറി, പെൺകൊടികൾ കയറിയിറങ്ങി കുശുമ്പും കുന്നായ്‌മയും പറഞ്ഞ് സജീവമാക്കിയ കാന്റീൻ.

അങ്ങനെ എന്തെല്ലാമാണ് ഈ കാമ്പസ്. വയലറ്റ് നിറത്തിലുള്ള ചുരിദാറും വെള്ളയിൽ ശംഖുപുഷ്‌പ നിറമണിഞ്ഞ ഷാളും ധരിച്ച് പെൺകുട്ടികളെത്തുമ്പോൾ നിറയെ വയലറ്റ് പൂക്കളുള്ള ഉദ്യാനമായി വനിതാ കോളേജ് മാറും. പക്ഷേ ബുധനാഴ്‌ച യൂണിഫോമിന് അവധി നൽകുമ്പോൾ കാമ്പസിൽ സപ്‌തവർണങ്ങൾ നിറയും.

സ്റ്റോൺ ബെഞ്ചുകളെ പോലെ

ഇവരെ ആർക്കറിയാം

വൻമരങ്ങൾ പോലെ വളർന്ന സിലോൺ കൊന്നകൾ പൊഴിച്ചിടുന്ന തണലും മഞ്ഞ പൂക്കളുമാണ് സ്റ്റോൺ ബെഞ്ചുകളുടെ സൗന്ദര്യം. ഈ ബെഞ്ചുകളിൽ ഒത്തുകൂടാൻ, ഒരുമിച്ചിരുന്ന് വർത്തമാനം പറയാൻ, പൊട്ടിച്ചിരിക്കാൻ ആഗ്രഹിക്കാത്ത ആരും കാമ്പസിൽ ഇല്ലെന്ന് മൂന്നാം വർഷ കെമിസ്ട്രിയിലെ ഗോപിക പറയുന്നു.

അവനോട് പ്രണയം തോന്നുന്നുവെന്ന്, ഈ പ്രണയത്തിന്റെ നൂലിൽ കൊരുത്ത് ഇനിയും കിടക്കാൻ വയ്യെന്ന് അങ്ങനെ എന്തെല്ലാം ഈ ബെഞ്ചുകൾ കേട്ടിരിക്കുന്നു. കൂട്ടുകാരിയുടെ ജീവിത ബുദ്ധിമുട്ടുകൾ മാറ്റാൻ അവൾക്കായി കുടുക്കയെടുക്കാൻ, ചേർത്ത് പിടിക്കാൻ എത്രയോ തലമുറകളിലെ കുട്ടികൾ തീരുമാനിച്ചത് ഇവിടെ വെച്ചാണെന്ന് ഓർത്തെടുത്തത് മൂന്നാം വർഷ സംഗീതത്തിലെ സൂര്യയാണ്.

ചുറ്റുവട്ടങ്ങളിൽ പ്രണയം പെയ്യുന്നു

നാരായണിയും ബഷീറും പരസ്‌പരം കാണാതെ മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് കാലാന്തരങ്ങളിലേക്കുള്ള പ്രണയം കൈമാറിയവരാണ്. പക്ഷേ ഇവിടുത്തെ കുട്ടികൾ മതിലിന്റെ ഇരു കരകളിൽ പരസ്‌പരം കണ്ട് ഫോണിലൂടെ പ്രണയം പറയുന്നവരാണെന്ന് ഹിസ്റ്ററിയിലെ മെർലിനും മഹിമയും കെമിസ്ട്രിയിലെ ശിൽപ്പയും സുവോളജിയിലെ അരുണിമയും ഒരേ താളത്തിൽ പറയുന്നു.

ജോഗ്രഫി വകുപ്പിന്റെ ചുറ്റുവട്ടങ്ങളിൽ നിന്നാൽ മതിലിനപ്പുറത്തെ എസ്.എൻ കോളേജിനെ അടുത്ത് കാണാം. അങ്ങനെ എന്നും കണ്ട് പരസ്‌പരം പ്രണയിച്ച് പോയവരുണ്ട്. മിണ്ടണമെന്ന് തോന്നുമ്പോൾ അവർ ഇവിടെയെത്തും. നേരിൽ കണ്ടും ഫോണിലൂടെയും നാളെയുടെ കിനാവുകൾ തേടും.

ഒരുപാട് നേരം അവിടെ ഇരുന്നാൽ സ്നേഹവും ശാസനയും കലർന്ന കണ്ണുരുട്ടലുമായി പ്രിൻസിപ്പൽ അനിരുദ്ധൻ സാറും രേഷ്‌മ മിസും അശ്വതി മിസും ദീപ മിസും ജയലക്ഷ്‌മി മിസുമൊക്കെ എത്തും.

ആ നെല്ലി മരമൊന്നുലുത്തുവാൻ മോഹം

നാലര പതിറ്റാണ്ട് സ്നേഹത്തിന്റെ തണൽ വിരിച്ച നെല്ലിമരം ഇപ്പോഴും ഇവിടുണ്ട്. വർഷത്തിൽ നാല് തവണയെങ്കിലും കാ‌യ്‌ക്കും. ഉച്ചയൂണ് കഴിഞ്ഞ് അഖിലയും സുമിയും പാർവതിയും അനസുവും ഷിംനയും മാത്രമല്ല, പെൺകൊടികൾ മിക്കവരും നെല്ലിമര ചുവട്ടിലെത്തും. കണ്ണെത്തും ചില്ലയിലേക്ക് കല്ലെറിഞ്ഞ് ചെറു നെല്ലിക്കകൾ വീഴ്‌ത്തും. അപ്പുറത്ത് ഓഡിറ്റോറിയമുണ്ട്, പ്രിയപ്പെട്ടവൻ രാവിലെ പിണങ്ങിയതിന്, പിറന്നാളിന് ചോക്ലേറ്റ് വാങ്ങി തന്നതിന്, ഇന്റേണൽ പരീക്ഷ നന്നായെഴുതിയതിന് അങ്ങനെ എന്തിനെല്ലാം കരഞ്ഞതും ചിരിഞ്ഞതും ഈ ഓഡിറ്റോറിയത്തിലാണ്. ഓർമ്മകൾ ചികഞ്ഞെടുത്ത് മഹിമയും വിദ്യയും ഭാഗ്യയും അവിടെ തന്നെ നിന്നു.

ഇൻക്വിലാബ് സിന്ദാബാദ്,

ഇനിയുമുറുക്കെ വീണ്ടുമുറക്കെ

പ്രിൻസിപ്പൽ ഓഫീസിന് ചാരെയുള്ള മരമുത്തശിക്ക് നാവുണ്ടായിരുന്നെങ്കിൽ ഇൻക്വിലാബ് വിളിച്ച് സമര പുളകിത ആയേനെയെന്ന് കോളേജ് യൂണിയൻ മുൻ ചെയർപേഴ്സൺ സുമിക്ക് ഉറപ്പുണ്ട്. ആവേശ ഭരിതമായ കാമ്പസ് സമരങ്ങൾ, തിരഞ്ഞെടുപ്പ് പ്രകടനങ്ങൾ, ഒത്തുചേരലുകൾ അങ്ങനെ എന്തിനെല്ലാം ഈ തണലുകൾ സാക്ഷിയാണെന്ന് സുമിയുടെ വിപ്ലവ ഗ്രൂപ്പ് എണ്ണിയെണ്ണി പറയുന്നു.


കാന്റീനും ലൈബ്രറിയും

കടന്ന് തെരുവിലേക്ക്

കാന്റീനിലെയും ലൈബ്രറിയിലെയും വർത്തമാനങ്ങൾ ഭക്ഷണവും പുസ്‌തകവും കടന്ന് വഴിമാറി നിരത്ത് വക്കിലേക്കെത്തും. കോളേജിന് മുന്നിൽ കോലം കെട്ടിയെത്തുന്ന ഫ്രീക്കൻമാരെ തിരിഞ്ഞ് നോക്കാറില്ലെന്ന് ശിൽപ്പ പറയുമ്പോൾ കൂട്ടുകാരികൾ അതേയെന്ന് ആവർത്തിച്ചു. പക്ഷേ മൂന്നേകാലിന് ക്ലാസ് കഴിഞ്ഞ് ഒരു കൂട്ടം പുറത്തേക്കിറങ്ങും. ഒരു അഞ്ചരവരെയൊക്കെ അവർ അവിടെ കാണും. ഇത്രയും പെണ്ണുങ്ങളെ ഒരുമിച്ച് കണ്ടിട്ടും ഒന്ന് നോക്കാൻ പോലും കൂട്ടാക്കാത്ത ചുള്ളന്മാരെ അങ്ങോട്ട് കമന്റടിക്കുമെന്ന് പറഞ്ഞവരുടെ പേരുകൾ തത്കാലം പുറത്ത് പറയുന്നില്ല.

ഞങ്ങടെ മോക്കിക്ക് ചോക്ലേറ്റ് വേണം

ബീമയും ഭാഗ്യയും കോളേജിലേക്ക് വന്നപ്പോൾ കൈയിൽ ചോക്ലേറ്റും ബിസ്‌കറ്റുമുണ്ട്. പത്ത് വർഷമായി കാമ്പസിലുള്ള അവരുടെ മോക്കിയെന്ന പട്ടിക്ക് വേണ്ടിയാണത്. ഇതൊക്കെയാണ് അവന്റെ ഭക്ഷണമെന്ന് പറഞ്ഞത് സെക്യൂരിട്ടി ചേട്ടൻ വിശ്വനാഥനാണ്. രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും ഇച്ചിയും മീനും അടങ്ങുന്ന ഭക്ഷണം കുട്ടികളെ പോലെ ഹോസ്റ്റലിൽ നിന്ന് മോക്കി കഴിക്കും. രാത്രിയിൽ കോളേജിന് കാവലായും ഉണ്ടാകും.

ആർ.ശങ്കറിന്റെ നിത്യ സ്‌മാരകം

1951ൽ ആർ.ശങ്കറിന്റെ നേതൃത്വത്തിൽ എസ്.എൻ ട്രസ്റ്റാണ് എസ്.എൻ വനിതാ കോളേജ് ആരംഭിച്ചത്. നിലവിൽ 15 ഡിഗ്രി കോഴ്സുകളും നാല് പി.ജി കോഴ്സുകളും രണ്ട് ഗവേഷണ വിഭാഗങ്ങളും കോളേജിലുണ്ട്. രാജ്യമെങ്ങും ആയിരക്കണക്കിന് പ്രതിഭകളെ സൃഷ്ടിക്കാൻ എസ്.എൻ വനിതാ കോളേജിന് കഴിഞ്ഞിട്ടുണ്ടെന്ന പ്രിൻസിപ്പൽ ഡോ.കെ.അനിരുദ്ധന്റെ വാക്കുകളിലുണ്ട് കോളേജിന്റെ മികവ്.

ഡിഗ്രി - പി.ജി കോഴ്സുകൾ

ഡിഗ്രി കോഴ്സുകൾ: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, മ്യൂസിക്, ബി.കോം, മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹോം സയൻസ്, ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി, ജിയോഗ്രഫി.

പി.ജി കോഴ്സുകൾ: ഇംഗ്ലീഷ്, ഫിസിക്‌സ്,കെമിസ്ട്രി, ഹോം സയൻസ്.

ഗവേഷണ വിഭാഗങ്ങൾ: കെമിസ്ട്രി, ഫിസിക്‌സ്