v
കോയിക്കൽ ജംഗ്ഷൻ

കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ഏറ്റവും ഇടുങ്ങിയ പ്രദേശമായ കോയിക്കൽ മുതൽ കരിക്കോട് ജംഗ്ഷൻ വരെയുള്ള ഭാഗം നാലുവരിപ്പാതയായി വികസിപ്പിക്കാൻ ആലോചന. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കൊല്ലം- തിരുമംഗലം പാതയുടെ വികസനം വൈകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് കോയിക്കൽ മുതൽ കരിക്കോട് ജംഗ്ഷൻ വരെ നാലുവരിപ്പാതയാക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 3 കിലോമീറ്റർ ദൂരത്തിലുള്ള ഭാഗം നാലുവരിപ്പാതയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇരുവശങ്ങളിലും ഒഴിഞ്ഞ് കിടക്കുന്ന ഭൂമി സഹിതം 16 മുതൽ 17 മീറ്റർ വരെയാണ് കോയിക്കൽ മുതൽ കരിക്കോട് വരെ ദേശീയപാതയുടെ നിലവിലെ വീതി. 23 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. നാലുവരികളിലായി റോഡിന് മാത്രം 15 മീറ്റർ വീതിയുണ്ടാകും. വീതി കൂട്ടാനായി ഇരുവശങ്ങളിൽ നിന്നും 8 മീറ്റർ വരെ സ്ഥലം ഏറ്റെടുക്കും.

 നിലവിലെ വീതി 16 മുതൽ 17 മീറ്രർ വരെ

 വികസിപ്പിക്കുന്നത് 23 മീറ്റർ വീതിയിൽ

 രണ്ട് വരിപ്പാത നാലുവരിയാക്കും,​ നാലുവരികളിലായി റോഡിന് മാത്രം 15 മീറ്റർ വീതിയുണ്ടാകും.

അപകടങ്ങൾ കൂടുന്നു

വീതിക്കുറവ് കാരണം കോയിക്കൽ മുതൽ കരിക്കോട് വരെയുള്ള ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമാണ്. മൂന്നാംകുറ്റി, സിയാറത്തുംമൂട് പള്ളിയുടെ മുൻഭാഗം, കരിക്കോട് മേല്പാലം, കോയിക്കൽ ജംഗ്ഷൻ, ബൈപ്പാസ് മറികടക്കുന്ന കല്ലുന്താഴം എന്നിവിടങ്ങൾ അപകടത്തുരുത്തുകളായി മാറിയിരിക്കുകയാണ്.

 പ്രാഥമിക രൂപരേഖ തയ്യാറാക്കി

ദേശീയപാത റോഡ് വിഭാഗം പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. വിശദരൂപരേഖ തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിനും കേന്ദ്ര ദേശീയപാത മന്ത്രാലയത്തിനും സമർപ്പിച്ച് അനുവാദം വാങ്ങും. അതിന് ശേഷം കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മാണത്തിലേക്ക് കടക്കാനാണ് ആലോചന.

കോയിക്കലിനും കരിക്കോടിനും ഇടയിൽ മൂന്ന് പാലങ്ങളുണ്ട്. ഇതിൽ ഒരെണ്ണം റെയിൽവേ മേല്പാലമാണ്. റോഡിന് 6 മുതൽ 7 മീറ്റർ വരെ വീതിയുണ്ടെങ്കിലും പാലങ്ങൾക്ക് നാല് മീറ്രർ വരെയേ വീതിയുള്ളൂ.