ഓച്ചിറ: പൗരത്വ നിയമഭേദഗതി ബില്ലിന് അനുകൂലമായി ഫേസ് ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ കച്ചവടം നിഷേധിക്കപ്പെട്ട പൊന്നുവിന് ഇന്ന് വൈകിട്ട് 5ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഫുഡ് ട്രക്ക് കൈമാറും. ഓച്ചിറ ടൗണിൽ സൈക്കിളിൽ ചായ വിറ്റ് ഉപജീവനം നടത്തിയിരുന്ന പൊന്നുവിന് സോഷ്യൽ മീഡിയയിൽ പൗരത്വനിയമ ഭേദഗതിക്കനുകൂലമായി പോസ്റ്റിട്ടതിന് ഒരുവിഭാഗം ആൾക്കാർ കച്ചവടം നിഷേധിക്കുകയായിരുന്നു. പൊന്നു സഹായ സമിതിയുടെ നേതൃത്വത്തിലാണ് ആഹാരസാധനങ്ങൾ കൊണ്ടുനടന്ന് വിതരണം ചെയ്യാൻ സാധിക്കുന്ന ഫുഡ്ട്രക്ക് നിർമ്മിച്ചു നൽകുന്നത്. ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക് സംഘ് വിഭാഗ് കാര്യവാഹക് വി.മുരളീധരൻ അദ്ധ്യക്ഷനാകും. യോഗം സാഹായസമിതി ചെയർമാൻ അഡ്വ.കൃഷ്ണരാജ് ഉദ്ഘാടനം നിർവഹിക്കും. ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ, ആർ.എസ്. എസ് ഖണ്ഡ് സംഘചാലക് ആർ.മോഹനൻ, വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി വരവിള വാസുദേവൻ, പ്രഖണ്ഡ് പ്രസിഡന്റ് ജി.പി.വേണു, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷ്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ.സുധീർ, കേരളാ ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി ആർ.ധനരാജൻ, പൊന്നു ചേട്ടൻ സഹായ സമിതി അംഗങ്ങളായ അഡ്വ.പ്രതീഷ് വിശ്വനാഥ്, ഡോ.ബാലു, ജി.പി.അജിത്ത്കുമാർ, ആർ.സുശീലൻ തുടങ്ങിയവർ സംസാരിക്കും.