എങ്ങും കിട്ടാനില്ല
സ്റ്റോക്ക് പൂഴ്ത്തിയതായി സംശയം
കൊല്ലം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മാസ്കും സാനിട്ടൈസറും കിട്ടാനില്ല. മുൻകരുതലിന്റെ ഭാഗമായി എല്ലാവരും മാസ്കും സാനിട്ടൈസറും ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് കർശനമായി നിർദ്ദേശിക്കുമ്പോഴാണ് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. കൂടുതൽ വില ഈടാക്കാനായി മെഡിക്കൽ സ്റ്റോറുകൾ സ്റ്റോക്കുണ്ടായിരുന്ന മാസ്കുകളും സാനിട്ടൈസറും പൂഴ്ത്തിവച്ചിരിക്കുകയാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. രണ്ട് രൂപ മുതൽ ലഭ്യമാകുന്ന മാസ്കുകൾ കഴിഞ്ഞ ദിവസം 20 രൂപ വരെ ഈടാക്കിയതായും പരാതിയുണ്ട്.
കോറോണ ബാധിത മേഖലകളിൽ നിന്ന് എത്തുന്നവരെയും അവരുമായി ഇടപഴകിയവരെയും പരിശോധനയ്ക്ക് എത്തിക്കുന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലുമാണ്. ഇവിടുത്തെ കോറോണ വാർഡുകളിലേത് ഒഴികെയുള്ള ജീവനക്കാർക്കും ആവശ്യത്തിന് മാസ്ക് ഇല്ലാത്ത സാഹചര്യമാണ്. കൊല്ലം നഗരത്തിൽ വെള്ളിയാഴ്ച ആയിരങ്ങൾ പങ്കെടുക്കുന്ന പുതിയകാവ് പൊങ്കാല നടക്കാനിരിക്കുകയാണ്. മറ്റ് പല പ്രദേശങ്ങളിലും വിപുലമായ ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്. ഈ ഘട്ടത്തിൽ മാസ്കും സാനിട്ടൈസറും ലഭ്യമല്ലാത്തത് കടുത്ത ആശങ്ക ഉയർത്തുകയാണ്.
കെ.എം.എം.എൽ, ഐ.ആർ.ഇ അടക്കമുള്ള പൊതുമേഖലാ കമ്പിനികളും സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. പൊതുജനങ്ങളുമായി ഇടപഴകുന്ന സർക്കാർ ഓഫീസുകളിലെ ജീവനക്കാരും കഴിഞ്ഞ ദിവസങ്ങളിൽ മാസ്ക് ധരിച്ചാണ് എത്തിയത്. പക്ഷെ ആശുപത്രികൾക്ക് സമീപത്തെ മെഡിക്കൽ സ്റ്റോറുകളിൽ പോലും ഇവ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മാസ്ക് ലഭ്യമാക്കാൻ ഡ്രഗ്സ് കൺട്രോളർക്ക് കളക്ടർ നിർദ്ദേശം നൽകിയെങ്കിലും ഇതുവരെ എത്തിയിട്ടില്ല.