പടി. കല്ലട: ജന്മനാ തളർന്ന് കിടപ്പിലായ മകന്റെ ചികിത്സയ്ക്കായി നിർദ്ധന കുടുംബം സുമനസുകളുടെ സഹായം തേടുന്നു. പടിഞ്ഞാറെ കല്ലട പഞ്ചായത്ത് വിളന്തറ വാർഡ് കടപ്പാ കുഴിയിൽ വരമ്പേൽ പുത്തൻവീട്ടിൽ രാജേന്ദ്രന്റെയും യശോദയുടെയും ഇരട്ട മക്കളിൽ ഒരാളായ ജയകൃഷ്ണനാണ് (18) കനിവ് തേടുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്രാൻപോലും പരസഹായം വേണ്ട യുവാവിന് താങ്ങ് അച്ഛനും അമ്മയുമാണ്. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ജയകൃഷ്ണൻ. അമ്മയും അച്ഛനും ചേർന്നാണ് പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റിക്കുന്നത്. ചുടുകട്ട കെട്ടി ഷീറ്റുമേഞ്ഞ കൂരയിലാണ് നാലംഗ കുടുംബം താമസിക്കുന്നത്. ദൈനംദിനം ചെലവുകൾക്കുപോലും പണമില്ലാതെ വലയുന്ന ഇവർക്ക് മകന്റെ ചികിത്സ തീരാവേദനയാണ് നൽകുന്നത്.
ജയകൃഷ്ണനൊപ്പം പിറന്ന ഹരികൃഷ്ണൻ ശാസ്താംകോട്ട ഡി.ബി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. പഠിത്തത്തിൽ മിടുക്കനായ ഹരികൃഷ്ണൻ അവധിദിവസങ്ങളിൽ കൂലിപ്പണിക്ക് പോയാണ് പഠനത്തിനുള്ള തുക കണ്ടെത്തുന്നത്. ജയകൃഷ്ണൻ കിടപ്പിലായതിനാൽ അമ്മയ്ക്ക് മറ്റൊരു തൊഴിലിനും പോകാൻ കഴിയില്ല. പ്രായമായ അച്ഛന് വല്ലപ്പോഴും കിട്ടുന്ന തൊഴിലുറപ്പ് കൂലിയും ജയകൃഷ്ണന്റെ പെൻഷനുമാണ് ഇവരുടെ ഏക വരുമാനം. കഷ്ടതകൾ മറികടക്കുന്നതിന് സുമനസുകളുടെ സഹായം മാത്രമാണ് ഇവർക്ക് ആശ്രയം.
ഇതിനായി ഫെഡറൽ ബാങ്ക് വെസ്റ്റ് കല്ലട ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 10830100144391. ഐ.എഫ്.എസ്.ഇ കോഡ്: 0001083.