muttara-kanjiram
മുട്ടറ സർക്കാർ സ്കൂളിന് ഭീഷണിയായി സർക്കാർ പുറമ്പോക്ക് റോഡിൽ നിൽക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള കാഞ്ഞിരമരം..

ഓടനാവട്ടം: ഓടനാവട്ടം വില്ലേജിൽ 1500 ഓളം കുട്ടികൾ പഠിക്കുന്ന മുട്ടറ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തോട് ചേർന്ന് 3 മീറ്റർ ചുറ്റളവിൽ 40 അടിയോളം ഉയരത്തിൽ നിൽക്കുന്ന നൂറ്റാണ്ടോളം പഴക്കമുള്ള കാഞ്ഞിരമരം സ്കൂൾ കുട്ടികൾക്ക് ഭീഷണിയാകുന്നു. മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് 2017 മുതൽ പ്രദേശവാസികൾ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുകയാണ്. കാലപ്പഴക്കത്താൽ മരത്തിന്റെ തടി വിണ്ടുകീറി ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. സ്കൂൾ കെട്ടിടത്തിന് ചുറ്റുമതിൽ നിർമ്മിച്ചപ്പോൾ താഴ് വേരുകൾ അറ്റുപോയതാണ് മരത്തിന് ബലക്ഷയമുണ്ടാകാൻ പ്രധാന കാരണം. പഞ്ചായത്ത് അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 കാഞ്ഞിരമരം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. സ്കൂൾ മതിലിനോട് ചേർന്ന് പാറപ്പുറത്താണ് മരം നിൽക്കുന്നത്. പഞ്ചായത്ത് അധികൃതർ എത്രയും പെട്ടെന്ന് മരം മുറിച്ചുമാറ്റാനുള്ള നടപടി കൈക്കൊള്ളണം.

മുട്ടറ ഉദയഭാനു, (റിട്ട. തഹസിൽദാർ, സാമൂഹ്യപ്രവത്തകൻ

 ധാരാളം വാഹനങ്ങളും വിദ്യാർത്ഥികളും ഈ മരത്തിന്റെ ചുവട്ടിലൂടെയാണ് കടന്ന് പോകുന്നത്. 11 കെ.വി വൈദ്യുതി ലൈനും ഈ മരത്തിന് സമീപത്തുകൂടി കടന്നു പോകുന്നത്. ശിഖരങ്ങൾ ഒടിഞ്ഞുവീഴാനും സാദ്ധ്യതയുണ്ട്. എത്രയും വേഗം മരം മുറിച്ച് മാറ്റണം.
ദിലീപ് കുന്നത്ത്, (മുൻവാർഡ് മെമ്പർ, മുട്ടറ)

 മരം സ്കൂൾ കോമ്പൗണ്ടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ വിദ്യാർത്ഥികൾക്കാണ് ഏറ്റവും വലിയഭീഷണിയുള്ളത്. പഞ്ചായത്ത് അധികൃതർ മുൻകൈയെടുത്ത് മരം മുറിച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കണം.

രവീന്ദ്രനുണ്ണിത്താൻ, അജയഭവൻ, മുട്ടറ, (പ്രദേശവാസി)

3 മീറ്റർ ചുറ്റളവിൽ 40 അടിയോളം ഉയരത്തിലാണ് കാഞ്ഞിരമരം നിൽക്കുന്നത്

പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ

നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധനയ്ക്ക് ശേഷം കൊട്ടാരക്കര തഹസിൽദാർ ജില്ലാ കളക്ടർക്ക് മരം മുറിച്ചുമാറ്റുന്നതാണ് നല്ലതെന്ന് കാട്ടി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കാഞ്ഞിരമരത്തിന്റെ ശിഖരങ്ങൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുകയാണ്. മരത്തിന്റെ ചുവട്ടിലൂടെ 11 കെ.വി വൈദ്യുതി ലൈൻ കടന്നു പോകുന്നുണ്ടെന്നും അപകടസാദ്ധ്യത കണക്കിലെടുത്ത് മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കാമെന്നുമാണ് തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. കളക്ടറുടെ

അനുകൂല ഉത്തരവ് ലഭിച്ചിട്ടും ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ തുടർനടപടി സ്വീകരിക്കാത്തതിനാൽ മരം ഇപ്പോഴും അപകടകരമായ അവസ്ഥയിൽ നിൽക്കുകയാണ്.