കുണ്ടറ: കോവിഡ് 19 കേരളത്തിൽ സ്ഥിരീകരിച്ചതോടെ കുണ്ടറയിൽ മാസ്കും ഹാൻഡ് സാനിറ്റൈസറും കിട്ടാനില്ല. ചിറ്റുമലയിൽ ഇറ്റലിയിൽ നിന്നെത്തിയ രണ്ടുപേർ നിരീക്ഷണത്തിലുണ്ടെന്ന വാർത്ത പരന്നതോടെ ഇന്നലെ രാവിലെ തന്നെ മാസ്കിനും സാനിറ്റൈസറിനും ആവശ്യക്കാരേറെയെത്തി. കുണ്ടറയിൽ സർക്കാർ നിയന്ത്രിത നീതി മെഡിക്കൽ സ്റ്റോറിൽ പോലും മെഡിക്കൽ മാസ്‌കും സാനിടൈസറും ലഭ്യമല്ല.
കാഞ്ഞിരകോട് താലൂക്ക് ആശുപത്രിയിൽ ചുമയും പനിയുമായി എത്തുന്ന രോഗികൾക്ക് നൽകാനും മാസ്കില്ല. ഇളമ്പള്ളൂർ മുതൽ ആശുപത്രി മുക്ക് വരെ മൂന്ന് നീതി മെഡിക്കൽ സ്റ്റോർ ഉൾപ്പെടെ 15ൽ പരം മെഡിക്കൽ സ്റ്റോറുകളുണ്ട്. ഒരു മെഡിക്കൽ സ്റ്റോറിൽ പോലും മാസ്‌കും സാണിടൈസറും ലഭ്യമല്ല. ഒന്നര മാസമായി ഹോൾ സെയിൽ ഡീലർമാർ മാസ്ക് നൽകുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ചിലടത്ത് സ്റ്റോക്ക് തീർന്നെന്നും പറയുന്നു. മൊത്തവ്യാപാരികൾ പൂഴ്ത്തിവയ്പ്പ് തുടങ്ങിയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.